തിരുവനന്തപുരം: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ജയിൽ മോചിതനായ ബിനീഷ് കോടിയേരി തിരുവനന്തപുരത്ത് എത്തി. രാവിലെ 10.30ഓടെയാണ് ബെംഗളൂരുവിൽ നിന്നുള്ള വിമാനത്തിൽ ബിനീഷ് തിരുവനന്തപുരത്ത് എത്തിയത്.
തനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും പറയാനുള്ളതെല്ലാം പറയുമെന്നും വിമാനത്താവളത്തിൽ വച്ച് ബിനീഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ശേഷം മരുതംകുഴിയിലെ വീട്ടിലേക്ക് പോയി.
” ഇപ്പോൾ നന്ദി പറയാനുള്ളത് കോടതിയോടാണ്. സത്യത്തെ മൂടിവെക്കാൻ കാലത്തിനാവില്ല. വൈകിയാണെങ്കിലും നീതി കിട്ടി. സത്യത്തെ മൂടിവെക്കാനും വികൃതമാക്കാനും സാധിക്കും. പക്ഷേ കാലം സത്യത്തെ ചേർത്തു പിടിക്കും. ഭീഷണിക്ക് വഴങ്ങിക്കൊടുക്കാത്തതിന്റെ പേരിൽ സംഭവിച്ചതാണ് ഈ കേസ്,”- ബിനീഷ് പറഞ്ഞു.
തന്നെ പിന്തുണച്ചവരോടെല്ലാം നന്ദിയുണ്ടെന്നും ഒരു വർഷത്തിന് ശേഷമാണ് താൻ ജയിൽ മോചിതനായതെന്നും ആദ്യം അച്ഛനേയും ഭാര്യയേയും മക്കളേയും കാണണമെന്നും ബിനീഷ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ വ്യാഴാഴ്‌ചയാണ് കർണാടക ഹൈക്കോടതി ബിനീഷിന് ജാമ്യം അനുവദിച്ചത്. 5 ലക്ഷം രൂപയുടെ 2 ആൾജാമ്യത്തിന് പുറമേ അനുമതിയില്ലാതെ രാജ്യം വിടരുത്, അന്വേഷണ ഉദ്യോഗസ്‌ഥർക്ക് മുന്നിലും വിചാരണ കോടതിയിലും കൃത്യമായി ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവു നശിപ്പിക്കരുത് എന്നീ ഉപാധികളും കോടതി മുന്നോട്ട് വച്ചിരുന്നു.
എന്നാൽ, ജാമ്യം നിൽക്കാനെത്തിയ 2 പേർ പിൻമാറിയതോടെ ബിനീഷിന് വെള്ളിയാഴ്‌ച പുറത്തിറങ്ങാൻ സാധിച്ചില്ല. തുടർന്ന് ഇന്നലെ മറ്റ് രണ്ട് ജാമ്യക്കാർ കോടതിയിൽ ഹാജരായതോടെയാണ് ബിനീഷ് ജയിൽ മോചിതനായത്. ഇന്നലെ വൈകുന്നേരത്തോടെയാണ് പരപ്പന അഗ്രഹാര ജയിലിൽ നിന്നും ബിനീഷ് പുറത്തിറങ്ങിയത്.
Most Read: പെൻഷൻ കിട്ടിയില്ലെങ്കിൽ ആത്‍മഹത്യ ചെയ്യേണ്ടിവരും; ഉമ്മൻചാണ്ടിയുടെ മുൻ പേഴ്‌സണൽ സ്‌റ്റാഫ്