മലപ്പുറം: ഉരുൾപൊട്ടലിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി മലപ്പുറത്ത് നിന്നും കണ്ടെത്തി. ചാലിയാർ പുഴയുടെ ഭാഗമായ ചുങ്കത്തറ കൈപ്പിനിയിൽ നിന്നാണ് ഒരു സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പോത്തുകൽ ഭാഗത്ത് നിന്നും ആറ് കിലോമീറ്റർ അകലെയുള്ള പ്രദേശമാണിത്.
പുഴയുടെ തീരത്ത് കൂറ്റൻ കല്ലുകൾക്കിടയിൽ കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പുറത്തെടുത്ത മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അതിനിടെ, കാണാതായവർക്കായി പുഴയിൽ തിരച്ചിൽ നടത്താൻ മുങ്ങൽ വിദഗ്‌ധരുടെ സഹായം തേടിയിരിക്കുകയാണ് പോലീസ്. ഇരവഴിഞ്ഞിപുഴ, ചാലിയാർ എന്നിവിടങ്ങളിൽ തിരച്ചിൽ നടത്താനാണ് സഹായം തേടിയത്.
രണ്ടു ദിവസം മുക്കം, കോടഞ്ചേരി, തിരുവമ്പാടി പോലീസ് സ്‌റ്റേഷൻ പരിധികളിൽ പുഴയിൽ തിരച്ചിൽ നടത്തും. ഇതിന് തയ്യാറായുള്ള മുങ്ങൽ വിദഗ്‌ധർ മേൽപ്പറഞ്ഞ പോലീസ് സ്‌റ്റേഷനുകളിൽ റിപ്പോർട് ചെയ്യുകയോ താമരശേരി ഡിവൈഎസ്‌പി പി. പ്രമോദുമായി ഫോണിൽ (9497990122) ബന്ധപ്പെടുകയോ ചെയ്യണം. ആവശ്യമായ സഹായങ്ങൾ പോലീസ് നൽകും.
അതിനിടെ, ചാലിയാറിലെ മൃതദേഹങ്ങൾ കണ്ടെത്താൻ എളമരം കടവിൽ തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. വാഴക്കാട് പോലീസിന്റെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിലാണ് തിരച്ചിൽ നടക്കുന്നത്. മേഖലയിൽ ഇനിയാരും ജീവനോടെ കുടുങ്ങി കിടക്കാൻ സാധ്യതയില്ലെന്നാണ് സൈന്യത്തിന്റെ നിഗമനമെങ്കിലും ജീവന്റെ തുടിപ്പ് തേടി ഓരോ പ്രദേശത്തും പരിശോധന തുടരും. മുണ്ടക്കൈ, ചൂരൽമല മേഖലയിൽ ഇന്ന് മുതൽ 40 ടീമുകൾ മേഖല 6 സോണുകളായി തിരിച്ച് തിരച്ചിൽ നടത്തും.
അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ. മുണ്ടക്കൈ രണ്ടാമത്തെ സോണും. പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാർമല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും.
Most Read| ദേവേന്ദ്ര ഫഡ്‌നാവിസ് ബിജെപി ദേശീയ അധ്യക്ഷനായേക്കും? അഭ്യൂഹം ശക്‌തം