തൊടുപുഴ: ഒരു നാടൻ പൂവൻ കോഴിയെ ലേലത്തിൽ വിറ്റ കഥയാണ് ഏവരെയും അതിശയിപ്പിക്കുന്നത്. വിറ്റത് ആയിരത്തിനോ രണ്ടായിരത്തിനോ അല്ല. 13,300 രൂപക്കാണ്. കേട്ടാൽ അതിശയം തോന്നുന്നുണ്ടാകും അല്ലെ. എന്നാൽ സത്യമാണ്. സംഭവം നടന്നത് ഇടുക്കിയിലെ നെടുങ്കണ്ടത്താണ്.
നെടുങ്കണ്ടം പരിവർത്തനമേടിലെ ഒപിഎസ് ക്ളമ്പ് പുനരാരംഭിക്കാൻ സംഘടിപ്പിച്ച ലേലമായിരുന്നു റെക്കോർഡ് തുകയിൽ എത്തിയത്. ലേലം വിളിക്കിടെ വാശി കയറുന്നതിന് അനുസരിച്ചു പൂവന്റെ വിലയും കൂടുകയായിരുന്നു. 10 രൂപയിൽ തുടങ്ങിയ ലേലമാണ് 13,300 രൂപയിൽ അവസാനിച്ചത്.
നാട്ടുകാരനായ ആലുങ്കൽ ജോഷിയാണ് കോഴിയെ ലേലത്തിന് വെച്ചത്. നെടുങ്കണ്ടം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജീഷ് മുതുകുന്നേലാണ് പൂവനെ ലേലത്തിൽ പിടിച്ചത്. കഴിഞ്ഞ ദിവസം കൂത്താട്ടുകുളത്ത് ചക്ക 1010 രൂപക്ക് ലേലത്തിൽ പോയതും വലിയ വാർത്ത ആയിരുന്നു.
ഒരു ചക്ക 1010 രൂപക്കും മറ്റൊരു ചക്ക 1000 രൂപക്കുമാണ് വിറ്റത്. നാട്ടുകാർ തന്നെയാണ് ഈ വിലയിൽ ചക്ക വാങ്ങുന്നത് എന്നതും കൗതുകം നിറഞ്ഞതാണ്. ആവശ്യക്കാർ എത്തിയതോടെ ലേലം മുറുകി. ഒടുവിൽ കിഴക്കേക്കുറ്റ് വീട്ടിൽ ചാക്കോച്ചൻ 1010 രൂപക്ക് ചക്ക സ്വന്തമാക്കി.
സാധാരണ സീസണിൽ 150-200 രൂപ നിലവാരത്തിൽ ലഭിക്കാറുള്ള ചക്കയ്‌ക്ക് ഇത്തവണ വിപണിയിൽ 300 മുതൽ 500 വരെയാണ് വില. കർഷകർക്ക് ന്യായവില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൂത്താട്ടുകുളം അഗ്രികൾച്ചറൽ മാർക്കറ്റിങ് ആൻഡ് പ്രോസസിങ് സൊസൈറ്റി 2009ൽ ആണ് ലേല വിപണി ആരംഭിച്ചത്. എല്ലാ ചൊവ്വാഴ്‌ചയുമാണ് കാർഷിക വിളകളുടെ ലേലം നടക്കുക. വളർത്തു മൃഗങ്ങൾ, പച്ചക്കറികൾ ഉൾപ്പടെ എല്ലാം ഇവിടെ ലേലത്തിൽ വെക്കാം.
Most Read: രാജ്യത്ത് എവിടെയിരുന്നും സ്വന്തം മണ്ഡലത്തിൽ വോട്ട് ചെയ്യാം; സുപ്രധാന നടപടി