ന്യൂഡെൽഹി: സോഷ്യല്‍മീഡിയ പ്ളാറ്റ്‌ഫോമുകളായ വാട്‌സാപ്പിന്റെയും ഇന്‍സ്‌റ്റഗ്രാമിന്റെയും പ്രവര്‍ത്തനം ഇന്നലെ രാത്രിയോടെ താൽകാലികമായി നിലച്ചു. രാത്രി 11.15ഓടെയാണ് പ്രവര്‍ത്തനം താൽകാലികമായി നിലച്ചത്. ഇന്ത്യയിലും മറ്റ് ചില രാജ്യങ്ങളിലും സോഷ്യല്‍ മീഡിയ ആപ്ളിക്കേഷനുകളുടെ പ്രവര്‍ത്തനം നിലച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട് ചെയ്യുന്നുണ്ട്.
സെര്‍വര്‍ തകരാർ സംഭവിച്ചതാണെന്നാണ് സൂചന. ഔദ്യോഗിക പ്രതികരണങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. ഏകദേശം അരമണിക്കൂറിന് ശേഷം 11.45ഓടെയാണ് ഈ ആപ്പുകളുടെ സേവനം വീണ്ടും പുനഃസ്‌ഥാപിച്ചത്.
കേരളത്തിൽ പലയിടങ്ങളിലും ഉപഭോക്‌താക്കൾക്ക് വാട്‌സാപ്പില്‍ സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ കഴിഞ്ഞില്ല. അതേസമയം ഫേസ്ബുക്ക്, ഇന്‍സ്‌റ്റഗ്രാം ന്യൂസ് ഫീഡ് റിഫ്രഷ് ചെയ്യുന്നതിന് തടസം നേരിട്ടതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. ട്രാക്കിംഗ് വെബ്‌സൈറ്റായ ഡൗണ്‍ ഡിറ്റക്‌ടറിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 32,000 ത്തിലധികം ആളുകളാണ് വാട്‌സാപ്പ് ഡൗണ്‍ ആയതായി റിപ്പോര്‍ട് ചെയ്‌തത്.
ട്വിറ്ററിലടക്കം ആളുകള്‍ വാട്‌സാപ്പ് ഡൗണായതിനെക്കുറിച്ച് ട്വീറ്റ് ചെയ്‌തിട്ടുണ്ട്. ഡൗണ്‍ ഡിറ്റക്‌ടറിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 67 ശതമാനത്തോളം ആളുകള്‍ക്ക് ഇന്‍സ്‌റ്റഗ്രാമിലെയും ഫേസ്ബുക്കിലെയും ന്യൂസ് ഫീഡ് റിഫ്രഷ് ചെയ്യാന്‍ സാധിച്ചിട്ടില്ല. 19 ശതമാനം ആളുകള്‍ക്ക് അവരുടെ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുന്നതിനും തടസം നേരിട്ടു. 13 ശതമാനത്തോളം ഉപഭോക്‌താക്കൾ ഇന്‍സ്‌റ്റഗ്രാമിനെക്കുറിച്ചും പരാതി അറിയിച്ചിട്ടുണ്ട്.
Read Also: ജിഗ്‌നേഷ് മേവാനിയെ നിയമസഭയിൽ നിന്ന് പുറത്താക്കി