ലോക പ്രശസ്‌ത എഴുത്തുകാരൻ സൽമാൻ റുഷ്‌ദിയെ വെള്ളിയാഴ്‌ച ന്യൂയോർക്കിൽ നടന്ന പരിപാടിക്കിടയിൽ വധിക്കാൻ ശ്രമിച്ച ഹാദി മതര്‍, ഷിയാ തീവ്രവാദ’ത്തോടും ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡിനോടും അനുഭാവം പുലര്‍ത്തുന്ന വ്യക്‌തിയാണ്.
ഇയാളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരത്തിൽ നിന്നാണ് ഈ അനുമാനം. പൗരത്വവും ക്രിമിനല്‍ പാശ്‌ചാത്തലവും തീവ്രാവാദ ആഭിമുഖ്യവും പോലീസ് ഉദ്യോഗസ്‌ഥർ അന്വേഷിക്കുന്നുണ്ട്.
പ്രഭാഷണം നടത്തുന്നതിനു മുൻപു സൽമാൻ റുഷ്‌ദിക്ക് കുത്തേറ്റതായി രാജ്യാന്തര വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്‌തിരുന്നു. ഷതൗക്വാ ഇൻസ്‌റ്റിറ്റ്യൂട്ട്ലെ പരിപാടിയിൽ പ്രഭാഷണത്തിനായി അവതാരകൻ ക്ഷണിച്ചതിനു തൊട്ടുപിന്നാലെ ഹാദി മതര്‍ സ്‌റ്റേജിലേക്കു കയറുകയും അതിവേഗത്തിൽ കഴുത്തിലും അടിവയറ്റിലും ഉൾപ്പടെ തുടരെ കുത്തുകയുമായിരുന്നു. കൊന്നുകളയണം എന്ന ഉദ്ദേശത്തിലാണ് ആക്രമണം നടന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നുണ്ട്.
ആക്രമണം നടന്നയുടന്‍ പോലീസ് ഹാദി മതര്‍ (24)നെ തിരിച്ചറിയുകയും അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്. ന്യൂജേഴ്‌സിയിലെ ഫെയര്‍വ്യൂവില്‍ നിന്നുള്ള ആളാണ് ഹാദി മതറെന്ന് ന്യൂയോര്‍ക്ക് പോലീസ് തിരിച്ചറിഞ്ഞു. പരിപാടി നടക്കുന്ന ഗ്രൗണ്ടിലേക്ക് പ്രവേശിക്കാനുള്ള പാസ് ഹാദി മതറിന് ഉണ്ടായിരുന്നതായും ഇതെങ്ങിനെ ലഭിച്ചു എന്നത് അന്വേഷിക്കുന്നതായും പോലീസ് അറിയിച്ചു.
ഇന്ത്യന്‍ വംശജനായ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്‌ദിക്ക് ആക്രമണത്തിന്റെ ഫലമായി ഒരു കണ്ണ് നഷ്‍ടമായേക്കുമെന്ന് ഇദ്ദേഹത്തിന്റെ സഹപ്രവത്തകൻ ആന്‍ഡ്രൂ വൈലി പറയുന്നു. കഴുത്തില്‍ കുത്തേറ്റ റുഷ്‌ദിയുടെ കൈകളിലേക്കുള്ള ചില ഞരമ്പുകള്‍ ഛേദിക്കപ്പെട്ടുവെന്നും കരളിന് തകരാര്‍ സംഭവിച്ചതായും വൈലി കൂട്ടിച്ചേര്‍ത്തു.
ആരാണ് സൽമാൻ റുഷ്‌ദി
ആർട്ട്സ് കൌൺസിൽ റൈറ്റേഴ്‌സ് അവാർഡ്, റൈറ്റേഴ്‌സ് ഗിൽഡ് അവാർഡ്, സാഹിത്യത്തിനുള്ള ബുക്കർ സമ്മാനം ഉൾപ്പടെ 100ലധികം രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള എഴുത്തുകാരനാണ് സൽമാൻ റുഷ്‌ദി. 1947 ജൂൺ 19ന് ഇന്ത്യയിലെ ബോംബെ നഗരത്തിൽ ജനിച്ച ഇദ്ദേഹം ഒരു ബ്രിട്ടീഷ്-ഇന്ത്യൻ എഴുത്തുകാരനാണ്.

1988ൽ പുറത്തിറങ്ങിയ റുഷ്‌ദിയുടെ നാലാമത്തെ നോവലായ ‘ദ് സാറ്റാനിക്ക് വേഴ്സെസ്’ മുസ്‌ലിം സമൂഹത്തിന്റെ ശക്‌തമായ വിമർശനങ്ങക്ക് വിധേയമായി. തുടർന്ന് റുഷ്‌ദിയെ വധിക്കുവാനായി ഇറാനിയൻ മതപണ്ഢിതനും രാഷ്‌ട്രീയ നേതാവും ഇസ്‌ലാമിക് റിപ്പബ്ളിക് ഓഫ് ഇറാന്റെ പരമോന്നത നേതാവുമായിരുന്ന ആയത്തുള്ള ഖുമൈനി ഫത്‍വ പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഒളിവിൽ പോയ റുഷ്‌ദി അടുത്തകാലത്താണ് പൊതുപരിപാടികളിൽ സ്‌ഥിരമായി പങ്കെടുത്തു തുടങ്ങിയത്.
Most Read: മുസ്‌ലിം സ്‌ത്രീകളെ വിൽപനക്ക് വെച്ച കേസ്; റിട്ട് തള്ളി സുപ്രീംകോടതി