കോഴിക്കോട്: സംസ്‌ഥാനത്തെ വിവിധ കെഎസ്എഫ്ഇ ശാഖകളിൽ വിജിലൻസ് നടത്തിയ റെയ്‌ഡിന്റെ വിശദാംശങ്ങൾ എന്തുകൊണ്ടാണ് പുറത്തുവിടാത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകണമെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഗുരുതര അഴിമതിയാണ് നടന്നത്. കെഎസ്എഫ്ഇ അഴിമതിയിൽ അന്വേഷണം വേണമെന്നും ചെന്നിത്തല പറഞ്ഞു.
ലക്ഷക്കണക്കിന് ആളുകൾ ഇടപാടുകൾ നടത്തുന്ന സ്‌ഥാപനമാണ് കെഎസ്എഫ്ഇ. അതിന്റെ വിശ്വാസ്യത കണക്കിലെടുത്താണ് ജനങ്ങൾ ഇടപാടുകൾ നടത്തുന്നത്. വിജിലൻസിന്റെ മാസ് ഓപ്പറേഷനായിരുന്നു ഇന്നലെ നടന്നത്. എന്നാൽ അന്വേഷണത്തിന്റെ വിശദാംശങ്ങൾ വിജിലൻസ് പുറത്തുവിട്ടിട്ടില്ല. ഇത്തരം ഓപ്പറേഷനുകൾ കഴിഞ്ഞാൽ അന്വേഷണ വിവരങ്ങൾ പുറത്തുവിടാറുണ്ട്. എന്നാൽ എന്തുകൊണ്ടാണ് വിജിലൻസ് വിവരങ്ങൾ പുറത്തുവിടാത്തതെന്നും അദ്ദേഹം ചോദിച്ചു.
അഴിമതിയിൽ അന്വേഷണം പാടില്ലെന്ന നിലപാട് അംഗീകരിക്കാനാകില്ല. അഴിമതി കണ്ടെത്തിയ വിജിലൻസിന് വട്ടാണെന്നാണ് ധനമന്ത്രി പറഞ്ഞത്. ആർക്കാണ് വട്ട്? വിജിലൻസ് മുഖ്യമന്ത്രിയുടെ വകുപ്പാണ്. വിജിലൻസിനെ നയിക്കുന്ന മുഖ്യമന്ത്രിക്കാണോ വട്ട്? അതോ സ്വയം വട്ടാണെന്നാണോ? അതുമല്ലെങ്കിൽ അഴിമതി കണ്ടെത്തുന്നത് വട്ടാണെന്നാണോ ധനമന്ത്രി ഉദ്ദേശിച്ചത് എന്ന് വ്യക്‌തമാക്കണം എന്നും ചെന്നിത്തല പറഞ്ഞു.
പൊതുസമൂഹത്തിന്റെ പണമാണ് കെഎസ്എഫ്ഇയിലുള്ളത്. അതിൽ അഴിമതി നടന്നുവെന്ന് കണ്ടെത്തിയാൽ അത് വട്ടാണെന്ന് പറഞ്ഞ് തോമസ് ഐസക്കിന് ഒഴിഞ്ഞുമാറാനാവില്ല. ജനങ്ങളുടെ ആശങ്ക അവസാനിപ്പിക്കാൻ ധനമന്ത്രി തയ്യാറാവണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Also Read: സബ്‌സിഡി തുക ‘പൂജ്യം’; ബാങ്ക് അക്കൗണ്ടുകളിലേക്ക് പാചകവാതക സബ്‌സിഡിയുടെ വരവില്ലാതായി