കൊച്ചി: ഉപഭോക്‌താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അഞ്ചുമാസമായി പാചകവാതക സബ്‌സിഡിത്തുക വരുന്നില്ല. സബ്‌സിഡിയുള്ള പാചകവാതകത്തിനും ഇല്ലാത്തതിനും ഒരേ വിലയായതോടെയാണ് സബ്‌സിഡിത്തുക ‘പൂജ്യ’മായത്. സബ്‌സിഡിയുള്ളവരും ഇല്ലാത്തവരും നിലവില്‍ ഒരേ വിലയാണു നല്‍കുന്നത്.
കൊച്ചിയില്‍ കേന്ദ്ര-സംസ്‌ഥാന ജിഎസ്ടി ഉള്‍പ്പടെ രണ്ടുവിലയും മാസങ്ങളായി 601 രൂപയിലാണ്. ദൂരപരിധിയനുസരിച്ച് മറ്റു പ്രദേശങ്ങളില്‍ വ്യത്യാസമുണ്ടാകും. കോവിഡിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഇടിഞ്ഞതോടെ സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന്റെ വില കുത്തനെ കുറയുക ആയിരുന്നു.
ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള 14.2 കിലോ സിലിണ്ടറിന്റെ വില കോവിഡിനെത്തുടര്‍ന്ന് അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണവില ഇടിഞ്ഞതോടെ ഏപ്രിലില്‍ കുറച്ചിരുന്നു. ഇതോടെ, ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ 850.50 രൂപവരെയായിരുന്ന കൊച്ചിയിലെ വില ഏപ്രിലില്‍ 734 രൂപയാവുകയും പിന്നീട് കുറഞ്ഞ് ഇപ്പോള്‍ 601-ല്‍ എത്തിനില്‍ക്കുന്നു.
അന്താരാഷ്‌ട്ര വിപണിയില്‍ വില ഉയര്‍ന്നാലും രൂപയുടെ വില ഇടിഞ്ഞാലും പാചകവാതകത്തെ നേരിട്ടു ബാധിക്കും. അതുകൊണ്ടുതന്നെ ഓരോ മാസത്തിന്റെയും തുടക്കത്തില്‍ത്തന്നെ എണ്ണക്കമ്പനികള്‍ പാചകവാതക വില നിശ്‌ചയിക്കും. ഇതിനാല്‍ പ്രതിമാസമാണ് സര്‍ക്കാര്‍ സബ്‌സിഡിത്തുക നിശ്‌ചയിക്കുക.
ഇറക്കുമതിക്കു സമമായ തുകക്കാണ്(ഐപിപി) ഇന്ത്യയില്‍ പാചകവാതകവില കണക്കാക്കുന്നത്. അന്താരാഷ്‌ട്ര വിപണിയിലെ വില, കടത്തുകൂലി, ഇന്‍ഷുറന്‍സ്, തുറമുഖക്കൂലി, കസ്‌റ്റംസ് ഡ്യൂട്ടി തുടങ്ങിയ ഘടകങ്ങള്‍ ഉള്‍പ്പെടെയാണ്. ഇതിനുപുറമേ ബോട്ടിലിങ് ചാര്‍ജ്, ഡീലര്‍ കമ്മിഷന്‍ ജിഎസ്ടി എന്നിവയും ഉള്‍പ്പെടുന്നു.
അതേസമയം പാചകവാതക വില നിശ്‌ചയിക്കുന്നതിലെ മറ്റു മാനദണ്ഡങ്ങള്‍ ‘രഹസ്യാത്‌മക’മാണെന്നാണ് എണ്ണക്കമ്പനി അധികൃതര്‍ പറയുന്നത്. ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതക വില ജൂണ്‍ മുതല്‍ വ്യത്യാസമില്ലാതെ തുടരുകയാണ്. ഇതേ വിലയിലേക്ക് സബ്‌സിഡിയില്ലാത്ത പാചകവാതക വിലയും എത്തിയതോടെ ഡയറക്‌ട് ബെനിഫിറ്റ് ട്രാന്‍സ്‌ഫര്‍ (ഡിബിടി) പദ്ധതിയനുസരിച്ച് സബ്‌സിഡിത്തുക ‘പൂജ്യം’ ആയെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്. സബ്‌സിഡിയുള്ള പാചകവാതകത്തിന് ഒരുവര്‍ഷംകൊണ്ട് നൂറുരൂപയോളം ഘട്ടം ഘട്ടമായി കൂട്ടിയിരുന്നു.
Read Also: ഉപാധി വച്ചല്ല തുറന്ന മനസുമായി വേണം ചർച്ചക്ക് വിളിക്കാൻ; അമിത് ഷാക്ക് കർഷകരുടെ മറുപടി