ന്യൂഡെൽഹി: കേന്ദ്ര സർക്കാരുമായി ചർച്ച നടത്താൻ ഉപാധികൾ മുന്നോട്ട് വച്ച ആഭ്യന്തര മന്ത്രി അമിത് ഷാക്ക് മറുപടിയുമായി കർഷകർ. ഉപാധികൾ മുന്നോട്ട് വച്ചല്ല തുറന്ന മനസോടെ വേണം ചർച്ചക്ക് വിളിക്കാനെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ പഞ്ചാബ് പ്രസിഡണ്ട് ജഗജിത് സിംഗ് പറഞ്ഞു.
“ഉപാധികളോടെ ചര്‍ച്ചയാവാമെന്ന അമിത് ഷായുടെ നയം ശരിയല്ല. തുറന്ന മനസോടെയാണ് ചര്‍ച്ചക്ക് വിളിക്കേണ്ടത്. ഞായറാഴ്‌ച രാവിലെ ഞങ്ങള്‍ ഒരു യോഗം വിളിച്ചിട്ടുണ്ട്. അതിനുശേഷം തീരുമാനം അറിയിക്കും,”- ജഗജിത് സിംഗ് പറഞ്ഞു.
കര്‍ഷകരുമായി എപ്പോള്‍ വേണമെങ്കിലും കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് വ്യക്‌തമാക്കി അമിത് ഷാ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഡിസംബര്‍ 3 ആം തീയതി ചര്‍ച്ചക്ക് തയ്യാറാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്‌തമാക്കിയത്. എന്നാല്‍ അതിന് മുന്‍പ് വേണമെങ്കിലും ചര്‍ച്ചക്ക് തയ്യാറാണെന്ന് അമിത് ഷാ പറഞ്ഞിരുന്നു.
കൂടാതെ കര്‍ഷകര്‍ ഉന്നയിക്കുന്ന ആശങ്കകളും, ആവശ്യങ്ങളും പരിഗണിക്കാന്‍ തയ്യാറാണെന്നും അമിത് ഷാ വ്യക്‌തമാക്കി. എന്നാൽ ഇതിനെല്ലാം കർഷകർക്ക് മുന്നിൽ ഉപാധി വച്ചിട്ടുണ്ട്. ഡെല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധ മാര്‍ച്ച് അനുവദിച്ചിരിക്കുന്ന സ്‌ഥലങ്ങളില്‍ മാത്രമാക്കണമെന്നാണ് അമിത് ഷാ മുന്നോട്ട് വച്ച ഉപാധി.
Also Read: ഹൈദരാബാദിനെ ഭാഗ്യനഗറാക്കി മാറ്റുമെന്ന് യോഗി ആദിത്യനാഥ്