ന്യൂഡെൽഹി: വാണിജ്യ ആവശ്യത്തിനുള്ള എൽപിജി പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി എണ്ണക്കമ്പനികൾ. 19 കിലോഗ്രാം വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില 15 രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. വിലവർധനവോടെ ഡെൽഹിയിൽ 19 കിലോ സിലിണ്ടറിന്റെ ചില്ലറ വിൽപ്പന വില 1,769.50 രൂപയാകും.
അതേസമയം, ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില മാറ്റമില്ലാതെ തുടരും. കഴിഞ്ഞ നവംബറിലും വാണിജ്യ പാചകവാതക വില വർധിപ്പിച്ചിരുന്നു. അന്ന് 102 രൂപയായിരുന്നു വർധന. ഹോട്ടൽ മേഖലയിലുള്ളവർക്ക് വില വർധനവ് തിരിച്ചടിയാകും. അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിന് പുറമെ പാചകവാതകത്തിന്റെയും വില പലപ്പോഴായി കൂടുന്നത് ഹോട്ടൽ വ്യവസായത്തെ തന്നെ പ്രതിസന്ധിയിൽ ആക്കുമെന്നാണ് ഈ മേഖലയിൽ ഉള്ളവർ പറയുന്നത്.
കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് വാണിജ്യ സിലിണ്ടറുകളുടെ വില എണ്ണക്കമ്പനികൾ വർധിപ്പിച്ചത്. അതിനിടെ, വിമാന യാത്രികർക്ക് ചെറിയ പ്രതീക്ഷ നൽകുന്ന തീരുമാനവും എണ്ണക്കമ്പനികൾ ഇന്ന് പ്രഖ്യാപിച്ചു. വിമാന ഇന്ധനവില കമ്പനികൾ കുറച്ചു. കിലോ, ലിറ്ററിന് ഏകദേശം 1221 രൂപയാണ് വിലയിലെ കുറവ്. വിമാനനിരക്ക് കുറയ്‌ക്കാൻ ലക്ഷ്യമിട്ട് ഇത് തുടർച്ചയായ നാലാം തവണയാണ് വിമാന ഇന്ധനവില കുറയ്‌ക്കുന്നത്. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
Most Read| കരിപ്പൂരിൽ നിന്നുള്ള ഹജ്‌ജ് തീർഥാടകർക്ക് ആശ്വാസം; ടിക്കറ്റ് നിരക്കിൽ ഇളവ് നൽകും