കാട്ടുപന്നി ശല്യം രൂക്ഷം; വെടിവച്ച് കൊല്ലാൻ അനുമതി നൽകാതെ വനംവകുപ്പ്

By Team Member, Malabar News
wild boar in kasargod
Representational image
Ajwa Travels

കാസർഗോഡ് : കൃഷിനാശവും, ആക്രമണവും മൂലം കാട്ടുപന്നികളെ കൊല്ലാനുള്ള അനുമതി സർക്കാർ നൽകിയിട്ടും, ഇതുവരെയും ഒരാൾക്ക് പോലും അനുമതി നൽകാതെ കാസർഗോഡ് ജില്ല. ഇതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വലിയ രീതിയിലുള്ള പരാതി ഉയരുന്നുണ്ട്. കഴിഞ്ഞ 2 മാസങ്ങളിലായി 2 പേരാണ് ഇവിടെ കാട്ടുപന്നികളുടെ ആക്രമണത്തിൽ മരണപ്പെട്ടത്. എന്നിട്ട് പോലും കാട്ടുപന്നികളെ കൊല്ലാനുള്ള അനുമതി നൽകാൻ വനംവകുപ്പ് തയ്യാറാകുന്നില്ലെന്നാണ് പരാതി ഉയരുന്നത്.

ജില്ലയിൽ ഇതുവരെ 11 പേരാണ് പന്നികളെ കൊല്ലാനുള്ള അനുമതി തേടി അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. തോക്ക് ഉപയോഗിക്കാൻ ലൈസൻസ് ഉള്ള ആളുകളിൽ നിന്നും പന്നികളെ വെടി വെക്കാൻ സന്നദ്ധരായവരുടെ പട്ടിക തയ്യാറാക്കാൻ ഡിവിഷണൽ ഫോറസ്‌റ്റ് ഓഫീസർമാർക്ക് ചുമതല നൽകിയിരുന്നു. എന്നാൽ ജില്ലയിൽ ഇതുവരെ പട്ടിക തയ്യാറാക്കിയിട്ടില്ല.

2020 മെയ് 18നാണ് കൃഷി നശിപ്പിക്കുകയും, മനുഷ്യജീവന് ഭീഷണി ഉയർത്തുകയും ചെയ്യുന്ന കാട്ടുപന്നികളെ കൊല്ലാനുള്ള അനുമതി സർക്കാർ നൽകിയത്. 6 മാസത്തേക്കാണ് അനുമതി നൽകിയതെങ്കിലും തുടർന്ന് 6 മാസം കൂടി അനുമതി നീട്ടി നൽകിയിരുന്നു. നിലവിൽ അടുത്ത മെയ് മാസം 17ആം തീയതി വരെയാണ് അനുമതി നിലനിൽക്കുന്നത്. എന്നാൽ ജില്ലയിൽ ഇതുവരെ പട്ടിക പോലും തയ്യാറാക്കാത്ത സാഹചര്യത്തിൽ ഈ അനുമതി മൂലം ആളുകൾക്ക് പ്രയോജനം ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുകയാണ്.

സംസ്‌ഥാനത്ത് തന്നെ പന്നിശല്യം ഏറ്റവും രൂക്ഷമായ ജില്ലകളിൽ ഒന്നാണ് കാസർഗോഡ്. കാട്ടുപന്നിയുടെ ആക്രമണത്തെ തുടർന്ന് കൃഷി ഉപേക്ഷിച്ച നിരവധി പേരാണ് ഇവിടെ ഉള്ളത്. വലിയ രീതിയിലാണ് ഇവിടെ കൂട്ടമായി എത്തുന്ന കാട്ടുപന്നികൾ കൃഷികൾ നശിപ്പിക്കുന്നത്. കൂടി വരുന്ന പന്നിശല്യം മൂലം പകൽ സമയങ്ങളിൽ പോലും വഴിനടക്കാൻ പറ്റാത്ത സ്‌ഥലങ്ങളും ജില്ലയിലുണ്ട്.

Read also : കോവിഡ് വ്യാപനം അറിയാൻ പൊന്നാനിയിൽ റാൻഡം പരിശോധന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE