കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപും കൂട്ടാളികളും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് പ്രോസിക്യൂഷൻ വാദം നടക്കും. ഇന്ന് ഉച്ചക്ക് 1.45നാണ് ഹൈക്കോടതി ജസ്‌റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ച് ഹരജി പരിഗണിക്കുന്നത്.
ഇന്നലെ ഹരജി പരിഗണിച്ചപ്പോൾ 2 മണിക്കൂറോളം നീണ്ട വാദങ്ങളാണ് പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ നടത്തിയത്. നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസ് നിലനിൽക്കില്ലെന്നും കെട്ടിച്ചമച്ച തെളിവുകളാണ് പ്രോസിക്യൂഷന്റെ കൈവശമുളളതെന്നും പ്രതിഭാഗം ഇന്നലെ നിലപാടെടുത്തിരുന്നു.
അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കെതിരെ വധ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ദിലീപ്. നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ പോരാ എന്ന് കണ്ടാണ് പോലീസ് തനിക്കെതിരെ പുതിയ കേസെടുത്തതെന്നും ദിലീപ് വ്യക്‌തമാക്കി. പല കാര്യങ്ങള്‍ പറഞ്ഞതില്‍ നിന്നും അടര്‍ത്തിയെടുത്ത സംഭാഷണം മാത്രം കൊണ്ട് ഗൂഢാലോചന കുറ്റം നിലനില്‍ക്കില്ലെന്നും, കെട്ടിച്ചമച്ച തെളിവുകളാണ് തനിക്ക് നേരെ ഉയര്‍ത്തിയിട്ടുള്ളതെന്നും ദിലീപ് കൂട്ടിച്ചേർത്തു.
എന്നാൽ, വധ ഗൂഢാലോചനക്ക് കൂടുതൽ തെളിവുകളുണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ സാഹചര്യത്തിൽ പ്രോസിക്യൂഷൻ കോടതിയിൽ എന്ത് നിലപാടെടുക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹരജിയും ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ചിന്റെ പരിഗണനക്ക് വരുന്നുണ്ട്. അതേസമയം, വധ ഗൂഢാലോചന കേസിലെ പ്രതികളുടെ ശബ്‌ദ പരിശോധന നടത്തണമെന്ന ക്രൈം ബ്രാഞ്ച് അപേക്ഷ ആലുവ കോടതിയുടെ പരിഗണനയിലുമാണ്.
Most Read: ഫേസ്ബുക്കിന് കാലിടറുന്നു; സക്കർബർഗിന് നഷ്‌ടം 1.7 ലക്ഷം കോടി