മലപ്പുറം: തിരൂർ ആലത്തിയൂരിൽ യുവതി ആത്‍മഹത്യ ചെയ്‌ത സംഭവം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. ആലത്തിയൂർ നടുവിലപ്പറമ്പിൽ ലബീബയെയാണ് തിങ്കളാഴ്‌ച ഭർതൃ ഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഹർഷാദ്, ഭർതൃ പിതാവ് മുസ്‌തഫ എന്നിവർക്കെതിരെയാണ് ലബീബയുടെ ബന്ധുക്കൾ പരാതി ഉന്നയിക്കുന്നത്.
സംഭവത്തിൽ തിരൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. നാല് മാസം മുമ്പാണ് ലബീബയുടെയും ഹർഷാദിന്റെയും വിവാഹം നടന്നത്. ഹർഷാദിന്റെ മൂത്ത സഹോദരന്റെ ഭാര്യ ആയിരുന്നു ലബീബ. എന്നാൽ, സഹോദരൻ ഒരു വാഹനാപകടത്തിൽ മരിച്ചതിന് പിന്നാലെ ഹർഷാദ് ലബീബയെ വിവാഹം കഴിക്കുകയായിരുന്നു. ആദ്യ വിവാഹത്തിൽ ലബീബക്ക് അഞ്ചുവയസുള്ള ഒരു കുഞ്ഞുണ്ട്.
ഹർഷാദുമായുള്ള പിണക്കത്തെ തുടർന്ന് സ്വന്തം വീട്ടിലെത്തിയ ലബീബയെ മരിക്കുന്നതിന്റെ രണ്ട് ദിവസം മുമ്പായിരുന്നു മുസ്‌തഫ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. ബാത്ത്റൂമിൽ വീണ് പരിക്കേറ്റെന്നാണ് ഭർതൃ വീട്ടുകാർ ലബീബയുടെ കുടുംബത്തെ അറിയിച്ചിരുന്നത്. എന്നാൽ, യുവതിയെ ഹർഷാദും, മുസ്‌തഫയും നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു എന്നാണ് വീട്ടുകാരുടെ ആരോപണം.
മുസ്‌തഫ ലബീബയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നെന്നും മർദ്ദിച്ചിരുന്നെന്നും പലപ്പോഴായി ഭക്ഷണം പോലും നൽകിയിരുന്നില്ലെന്നും വീട്ടുകാർ വെളിപ്പെടുത്തുന്നു. പ്രശ്‌നങ്ങൾ ഉണ്ടാവില്ലെന്ന് ഉറപ്പ് നൽകിയത് കൊണ്ടാണ് രണ്ടാമതും മകളെ ഭർതൃ വീട്ടിലേക്ക് അയച്ചതെന്നും, ലബീബയുടെ മരണ ശേഷം ആശുപത്രിയിൽ നിന്ന് പോലും ഹർഷാദിന്റെ വീട്ടുകാർ മുങ്ങാനാണ് ശ്രമിച്ചതെന്നും വീട്ടുകാർ ആരോപിച്ചു.
Most Read: സംസ്‌ഥാനത്ത് കെ റെയിൽ കല്ലിടൽ നിർത്തി; പോലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് ഏജൻസി