മുംബൈ: പിഴ ഇനത്തിൽ ഒരുകോടി രൂപ സമാഹരിച്ച ആദ്യ വനിതാ ടിക്കറ്റ് ചെക്കിങ് സ്‌റ്റാഫിന് അഭിനന്ദനവുമായി റെയിൽവേ മന്ത്രാലയം. ദക്ഷിണ റെയിൽവേയിലെ ചീഫ് ടിക്കറ്റ് ഇൻസ്‌പെക്‌ടർ റോസലിൻ ആരോകിയ മേരിയാണ്, ടിക്കറ്റ് എടുക്കാത്ത യാത്രക്കാരിൽ നിന്ന് 1.03 കോടി രൂപ പിഴത്തുകയായി സമാഹരിച്ച് റെയിൽവേയുടെ അഭിനന്ദനം ഏറ്റുവാങ്ങിയത്.
മേരി യാത്രക്കാരിൽ നിന്ന് പിഴ ഈടാക്കുന്നതും, ടിക്കറ്റ് പരിശോധിക്കുന്നതുമായ ചിത്രങ്ങൾ പങ്കുവെച്ച് റെയിൽവേ മന്ത്രാലയം ട്വീറ്റ് ചെയ്‌തിരുന്നു. ജോലിയോടുള്ള ആത്‌മാർഥതയാണ് മേരിയുടേതെന്നും, 1.03 കോടി രൂപ പിഴ ഈടാക്കുന്ന ആദ്യ വനിതാ ടിക്കറ്റ് ചെക്കിങ് സ്‌റ്റാഫായി ഇവർ മാറിയെന്നുമുള്ള അടിക്കുറിപ്പോടെയായിരുന്നു ട്വീറ്റ്. റെയിൽവേ മന്ത്രാലയത്തിന്റെ ട്വീറ്റ് പ്രചരിച്ചതിന് പിന്നാലെ നിരവധി പേരാണ് മേരിക്ക് അഭിനന്ദവുമായി രംഗത്തെത്തിയത്.
അതേസമയം, ടിക്കറ്റ് ചെക്കിങ് പുരുഷജീവനക്കാരായ രണ്ടുപേർ കൂടി യാത്രക്കാരിൽ നിന്നും ഒരു കോടി രൂപയിലധികം പിഴ ഈടാക്കിയതായി സതേൺ റെയിൽവേ പത്രക്കുറിപ്പിൽ അറിയിച്ചു. ചെന്നൈ ഡിവിഷനിലെ ഡെപ്യൂട്ടി ചീഫ് ടിക്കറ്റ് ഇൻസ്‌പെക്‌ടർ എസ് നന്ദകുമാർ 1.55 കോടി രൂപ ഈടാക്കി. സീനിയർ ടിക്കറ്റ് എക്‌സാമിനർ ശക്‌തിവേൽ 1.10 കോടി രൂപയും പിഴയായി ഈടാക്കിയിട്ടുണ്ട്. 2022 ഏപ്രിലിനും 2023 മാർച്ചിനുമിടയിലാണിത്.
Most Read: നിരോധിത സംഘടനയിലെ അംഗത്വം; യുഎപിഎ ചുമത്താവുന്ന കുറ്റമെന്ന് സുപ്രീം കോടതി