മുല്ലപ്പെരിയാർ ഉൾപ്പടെ 1115 ഇന്ത്യൻ ഡാമുകളുടെ കാലാവധി 2025ൽ തീരും; യുഎൻ റിപ്പോർട്ട്

By Desk Reporter, Malabar News
Mullaperiyar Dam
Representational Image
Ajwa Travels

യുഎന്‍: ഐക്യരാഷ്‌ട്ര സഭയുടെ കീഴിലുള്ള കാനഡ ആസ്‌ഥാനമായ സര്‍വകലാശാലയുടെ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിലെ 1115 ഡാമുകളുടെ കാലാവധി 2025ൽ തീരും. ‘പഴക്കമേറുന്ന ജലസംഭരണികള്‍; ഉയര്‍ന്നുവരുന്ന ആഗോളഭീഷണി’ എന്ന റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്‌.

ഇന്ത്യയിലാകെ വിവിധ തരത്തിലുള്ള 5,202 ഡാമുകളാണ് നിലവിലുള്ളത്. ഇതിൽ കോണ്‍ക്രീറ്റ് ഡാമുകള്‍ക്ക് 50 വര്‍ഷമാണ് ശാസ്‌ത്രം പറയുന്ന ‘വിശ്വസിക്കാവുന്ന’ ആയുസ്. ഇന്ത്യയില്‍ 2025ഓടെ ആയിരത്തിലധികം ഡാമുകളാണ് 50 വര്‍ഷം പിന്നിടുന്നത്. ഐക്യരാഷ്‌ട്ര സഭയുടെ റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിലെ മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള ഡാമുകൾ മനുഷ്യന് ഭീഷണിയാകും.

സംസ്‌ഥാന വൈദ്യുതി ബോർഡിന്റെ ഉടമസ്‌ഥതയിലുള്ള 59 എണ്ണവും സംസ്‌ഥാന ജലസേചന വകുപ്പിന് കീഴിൽ 20 എണ്ണവും കേരള ജല അതോറിറ്റിക്ക് കീഴിൽ രണ്ടെണ്ണവുമായി കേരളത്തിലാകെ 81 ഡാമുകളാണ് ഉള്ളത്. ഇവയിൽ മിക്കതും 25 വർഷം പിന്നിട്ടതാണ്. 1887ൽ ജോലികൾ ആരംഭിച്ച് 1895ൽ കമ്മീഷൻ ചെയ്‌ത മുല്ലപ്പെരിയാർ ഡാം ഇപ്പോൾ 126 വയസ് പൂർത്തീകരിച്ചു. 1949ൽ ആരംഭിച്ച് 1955ൽ കമ്മീഷൻ ചെയ്‌ത മലമ്പുഴ ഡാം 65 വർഷം പൂർത്തീകരിച്ചു.

മുല്ലപ്പെരിയാര്‍ ഡാം ഭൂകമ്പ സാധ്യതാ പ്രദേശത്താണ് സ്‌ഥിതി ചെയ്യുന്നത്. ഡാമിന് ഘടനാപരമായ പ്രശ്‌നങ്ങളുമുണ്ട്. ഡാം തകര്‍ന്നാല്‍ 35 ലക്ഷം പേരെങ്കിലും അപകടത്തിലാകും. ഡാം സംബന്ധിച്ച് കേരളവും തമിഴ്‌നാടും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. 2050 ആകുന്നതോടെ ഇന്ത്യയിൽ ആകെയുള്ള 5,202 ഡാമുകളിൽ 4250 ഡാമുകളുടെയും കാലാവധി തീരും എന്നതാണ് ഞെട്ടിക്കുന്ന വസ്‌തുത.

അമേരിക്ക, ഫ്രാന്‍സ്, കാനഡ, ജപ്പാന്‍, സാംബിയ, സിംബാബ്‌വെ ഉള്‍പ്പെടെ രാജ്യങ്ങളിലെ ഡാമുകളുടെ വിലയിരുത്തലും റിപ്പോര്‍ട്ടിലുണ്ട്. ലോകത്തിലെ മൊത്തം ഡാമുകളുടെ 55 ശതമാനം അതായത് 32,716 ഡാമുകള്‍ ചൈന, ഇന്ത്യ, ജപ്പാന്‍, സൗത്ത് കൊറിയ ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളിലാണുള്ളത്. അവയില്‍ ഏറെയും 50 വര്‍ഷമെന്ന കാലാവധിയോട് അടുക്കുകയാണ്.

ആഫ്രിക്ക, ദക്ഷിണ അമേരിക്ക, കിഴക്കന്‍ യൂറോപ്പിലെ സാഹചര്യങ്ങളിലും സ്‌ഥിതി വിഭിന്നമല്ല. 20ആം നൂറ്റാണ്ടിലെപ്പോലെ ഇനിയൊരു അണക്കെട്ട് നിര്‍മാണ വിപ്ളവം ലോകത്തുണ്ടാകാന്‍ സാധ്യതയില്ലെന്ന് വ്യക്‌തമാക്കുന്നുണ്ട് റിപ്പോര്‍ട്ട്. റിപ്പോർട്ട് പുറത്തവന്ന് 2 ദിവസം കഴിഞ്ഞങ്കിലും ഇതേ സംബന്ധിച്ച് ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം ഇത് വരെ വന്നിട്ടില്ല. സംസ്‌ഥാന സർക്കാരും വിഷയത്തിലിത് വരെ പ്രതികരിച്ചിട്ടില്ല.

Most Read: സോളാറിൽ ഇടതുപക്ഷത്തിന് സിബിഐ വേണം; വിചിത്രമെന്ന് കെ സുരേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE