മനാമ: ബഹ്‌റൈനിൽ വീടിന് മുന്നിൽ നിന്ന് കാണാതായ 14 വയസുകാരിയെ കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുന്നു. വെള്ളിയാഴ്‌ച രാവിലെയാണ് ഇസാ ടൗണിലെ കെയ്‌റോ റോഡിൽ നിന്ന് ശഹദ് അൽ ഗല്ലാഫ് എന്ന ബഹ്‌റൈനി പെൺകുട്ടിയെ കാണാതായത്. രാവിലെ ആറ് മണിയോടെ വീടിന് മുന്നിൽ നിൽക്കുകയായിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു.
രാവിലെ കുടുംബത്തോടൊപ്പം യാത്ര പോകാനുള്ള ഒരുക്കത്തിനിടെയാണ് കുട്ടിയെ കാണാതായതെന്നാണ് അമ്മ പോലീസിന് നൽകിയ വിവരം. വീടിന്റെ മുറ്റത്ത് നിൽക്കുകയായിരുന്ന കുട്ടിയെ അമ്മ സാധനങ്ങൾ എടുക്കാൻ അകത്തേക്ക് പോയ സമയത്താണ് കാണാതായത്.
വീടിന്റെ പരിസരത്ത് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഉടൻ തന്നെ അടുത്ത പോലീസ് സ്‌റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. കുട്ടി തന്റെ മൊബൈൽ ഫോൺ എടുത്തിട്ടില്ലെന്നും എവിടെയും ഫോൺ എടുക്കാതെ പോകാറില്ലായിരുന്നു എന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
കുട്ടിക്കായുള്ള അന്വേഷണം തുടരുകയാണെന്ന് സതേൺ ഗവർണറേറ്റ് പോലീസ് അറിയിച്ചു. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 66610106 എന്ന നമ്പറിൽ വിവരമറിയിക്കണം എന്നാണ് നിർദ്ദേശം.
Also Read: ആദിവാസി പെൺകുട്ടികളുടെ ആത്‍മഹത്യ; പോലീസ് ഉദ്യോഗസ്‌ഥർ ഊരുകളിലേക്ക്