കാസർഗോഡ്: സംസ്‌ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയായ അതിദാരിദ്ര നിർണയ പ്രക്രിയയുടെ ആദ്യഘട്ടം ജില്ലയിൽ പൂർത്തിയായി. ജില്ലയിലെ മൂന്നര ലക്ഷം കുടുംബങ്ങളിൽ നിന്ന് 3532 പേരെയാണ് അതിദരിദ്രരായി കണ്ടെത്തിയത്. ബ്ളോക്ക് തലത്തിലുള്ള ഉദ്യോഗസ്‌ഥരും സാമ്പത്തിക സ്‌ഥിതിവിവരണ വകുപ്പ് ഉദ്യോഗസ്‌ഥരും നടത്തിയ പരിശോധനക്ക് ശേഷം 2930 പേർ അർഹരാണെന്ന് കണ്ടെത്തി.
ഭക്ഷണം, ആരോഗ്യം, പാർപ്പിടം, വരുമാനം എന്നീ അടിസ്‌ഥാന ഘടകങ്ങൾ പരിഗണിച്ച് ജില്ലയിലെ 38 പഞ്ചായത്തുകളിലെയും മൂന്ന് മുനിസിപ്പാലിറ്റികളിലെയും 777 വാർഡുകൾ കേന്ദ്രീകരിച്ച് ഘട്ടങ്ങളിലായി ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾക്ക് ശേഷമാണ് അതിദരിദ്രരെ കണ്ടെത്തിയത്. ഇവരുടെ പൂർണ വിവരങ്ങൾ പ്രത്യേകം തയ്യാറാക്കിയ മൊബൈൽ ആപ്ളിക്കേഷൻ വഴി സോഫ്റ്റ്‌വെയറിൽ അപ്‌ഡേറ്റ് ചെയ്‌തു.
മംഗൽപാടി ഗ്രാപമപഞ്ചായത്തിൽ ഏറ്റവും കൂടുതലും (219) വലിയപറമ്പ ഗ്രാമപഞ്ചയത്തിൽ (1) ഏറ്റവും കുറവും അതിദരിദ്രരെ കണ്ടെത്തി. ഇവരുടെ പേരുകൾ ഗ്രാമ/വാർഡ് സഭകളിൽ വായിച്ച് അംഗീകരിക്കുന്നതോടു കൂടി അന്തിമ പട്ടിക തയ്യാറാക്കും. അഞ്ച് വർഷത്തിനുള്ളിൽ അതിദാരിദ്രം നിർമാർജനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ സംസ്‌ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണിത്.
Most Read: ‘ഐ ലവ് ഹിജാബ്’ ക്യാംപയിനുമായി വിദ്യാർഥിനികൾ, താലിബാനിസമെന്ന് ബിജെപി