ന്യൂഡെൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം പതിനായിരത്തിന് താഴെയെത്തി. 9,309 ആളുകൾക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് ബാധയുണ്ടായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,08,80,603 ആയി ഉയർന്നു. അതേസമയം തന്നെ കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 15,900 ആളുകൾ രോഗമുക്‌തരായതായും ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി. രാജ്യത്തിതുവരെ രോഗമുക്‌തരായ ആകെ ആളുകളുടെ എണ്ണം നിലവിൽ 1,05,89,230 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിതരായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന 87 പേർ കൂടി മരണപ്പെട്ടതോടെ, രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 1,55,447 ആയി ഉയർന്നു. കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഉണ്ടായ കുറവും, കോവിഡ് മുക്‌തരുടെ എണ്ണത്തിൽ ഉണ്ടായ ഉയർച്ചയും മൂലം രാജ്യത്ത് നിലവിൽ കോവിഡ് ബാധിതരായി ചികിൽസയിൽ കഴിയുന്ന ആളുകളുടെ എണ്ണം 1.36 ലക്ഷത്തിൽ താഴെ മാത്രമാണ്.
Read also : കെഎസ്ആർടിസി വോൾവോ, സ്‌കാനിയ ബസുകളിൽ ടിക്കറ്റ് നിരക്കിൽ ഇളവ്