വയനാട്: മദ്യക്കടത്തിന് പുതുവഴികളുമായി ഇതര സംസ്‌ഥാന സംഘങ്ങൾ. കയറിൽ കെട്ടിവലിച്ചാണ് കർണാടക മദ്യം കേരളത്തിലേക്ക് എത്തിക്കുന്നത്. കർണാടകയോട് അതിരുപങ്കിടുന്ന വയനാട്ടിലെ ബാവലി, മീൻകൊല്ലി, ചേകൊടി ഭാഗങ്ങളിലൂടെ ഇത്തരത്തിൽ അനധികൃത മദ്യക്കടത്ത് വ്യാപകമാണ്. ബാവലി ചെക്ക്‌പോസ്‌റ്റിൽ നിന്ന് അടുത്തിടെ മാരക ലഹരിമരുന്നായ എംഡിഎംഎ പിടികൂടിയതോടെ ബാവലിയിൽ എക്‌സൈസ് പരിശോധന കർശനമായി തുടരുകയാണ്.
കഴിഞ്ഞ ദിവസം വയനാട് ബാവലയിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയ്‌ക്കിടെ മദ്യം പിടികൂടിയിരുന്നു. എന്നാൽ, വേഷം മാറി എത്തിയ എക്‌സൈസ് ഉദ്യോഗസ്‌ഥരെ കണ്ടതോടെ വിൽപനക്കാർ മദ്യം ഉപേക്ഷിച്ച് പുഴയിൽ ചാടി നീന്തി രക്ഷപ്പെടുകയായിരുന്നു. പുഴയ്‌ക്ക് കുറുകെ കയർകെട്ടി മദ്യം കെട്ടിവലിച്ചാണ് ഇവർ കടത്തിയിരുന്നത്.
പുഴക്കരയിൽ നിന്ന് വിൽപനയ്‌ക്കായി സൂക്ഷിച്ച 15 ലിറ്റർ കർണാടക മദ്യമാണ് എക്‌സൈസ് സംഘം പിടികൂടിയത്. മദ്യക്കടത്തിന് ഉപയോഗിക്കുന്ന നൂൽക്കമ്പിയും പ്ളാസ്‌റ്റിക് കയറുകളും ചാക്കും പിടികൂടിയിട്ടുണ്ട്. അതേസമയം, പുഴയിൽ ചാടി രക്ഷപെട്ട പ്രതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് ഉദ്യോഗസ്‌ഥർ അറിയിച്ചു.
Read Also: ആറളം ഫാമിൽ കൊമ്പനാന ചരിഞ്ഞ സംഭവം; അന്വേഷണം ആവശ്യമില്ലെന്ന് ഡിഎഫ്‌ഒ





































