അഞ്ച് വർഷങ്ങൾക്ക് ശേഷം സിബി മലയില്‍ സംവിധാനം ചെയ്യാനൊരുങ്ങുന്ന പുതിയ ചിത്രത്തെ സംബന്ധിച്ച വാര്‍ത്തകള്‍ മലയാള സിനിമ പ്രേക്ഷകര്‍ വളരെയധികം ആവേശത്തോടെയാണ് ഏറ്റെടുത്തത്. നീണ്ട ഇടവേളക്ക് ശേഷമാണ് സിബി മലയില്‍ സംവിധാനം ചെയ്യുന്ന ഒരു ചിത്രം പുറത്തിറങ്ങാന്‍ ഒരുങ്ങുന്നത്. ചിത്രത്തില്‍ ആസിഫ് അലിയാണ് നായകനായി എത്തുന്നത്. ഇതിനോടകം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. ഇപ്പോള്‍ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു കൊണ്ടുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്. ‘കൊത്ത്’ എന്നാണ് ചിത്രത്തിന്റെ പേര്. പോസ്റ്ററില്‍ ചിത്രത്തില്‍ അണിനിരക്കുന്ന താരങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ല.
ഗോള്‍ഡ് കോയിന് മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്തും എം വി ശശിധരനും ചേര്‍ന്നാണ് കൊത്ത് നിര്‍മ്മിക്കുന്നത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് ശേഷം ഗോള്‍ഡ് കോയിന് മോശം പിക്ചേഴ്സ് നിര്‍മ്മിക്കുന്ന അടുത്ത ചിത്രമാണ് കൊത്ത്. ഒപ്പം തന്നെ 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിബി മലയിലും രഞ്ജിത്തും ഒരുമിച്ച സമ്മര്‍ ഇന്‍ ബദ്ലഹേം എന്ന ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന സിനിമയെന്ന സവിശേഷതയും കൊത്തിനുണ്ട്.
സിനിമയുടെ ചിത്രീകരണം ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. നവാഗതനായ ഹേമന്ത് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് പ്രശാന്ത് രവീന്ദ്രന് ആണ്. ആസിഫ് അലിയോടൊപ്പം റോഷന് മാത്യു, രഞ്ജിത്ത്, വിജിലേഷ്, സുരേഷ് കൃഷ്ണ, അതുല്‍, നിഖില വിമല്‍, ശ്രീലക്ഷ്മി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
Read also : മുത്തയ്യയുടെ വേഷം വിവാദത്തിൽ; വിജയ് സേതുപതിക്കെതിരേ ഷെയിം ഹാഷ്ടാഗ്