തിരുവനന്തപുരം: ജനശതാബ്ദി സ്പെഷ്യല്‍ ട്രെയിനുകളുടെ മുഴുവന്‍ സ്റ്റോപ്പുകളും പുനസ്ഥാപിക്കാന്‍ റെയില്‍വെ തീരുമാനിച്ചു. കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് സ്റ്റോപ്പുകളുടെ എണ്ണം കുറച്ചാണ് ട്രെയിനുകള്‍ സര്‍വീസ് നടത്തിയിരുന്നത്. ഇത് ട്രെയിനുകളുടെ വരുമാനം കുറയുന്നതിന് കാരണമായി എന്ന് ചൂണ്ടിക്കാണിച്ചാണ് റെയില്‍വേയുടെ നടപടി. കൂടാതെ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്.
സ്റ്റോപ്പുകള്‍ പുനസ്ഥാപിക്കാന്‍ തീരുമാനിച്ചതോടെ ഇന തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദിക്ക് വര്‍ക്കല, കൊല്ലം, കായംകുളം, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.
കൂടാതെ തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദിക്ക് കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ടാകും.
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചതോടെയാണ് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ റെയില്‍വെ തീരുമാനം കൈക്കൊണ്ടത്. ഇത് പ്രകാരം പൂജ സ്പെഷ്യല്‍ ട്രെയിനുകള്‍ ഈ മാസം 20 മുതല്‍ നവംബര്‍ 30 വരെ സര്‍വീസ് നടത്തും.
കന്യാകുമാരി- ബെംഗളൂരു ഐലന്‍ഡ് എക്സ്പ്രസ്, യശ്വന്തപുര – കണ്ണൂര്‍ എക്സ്പ്രസ്, തിരുവനന്തപുരം – ഷാലിമാര്‍, തിരുനെല്‍വേലി – ഗാന്ധിധാം ഹംസഫര്‍, തിരുവനന്തപുരം – സെക്കന്ദരാബാദ് ശബരി, ഹൗറ – എറണാകുളം അന്ത്യോദയ, തിരുവനന്തപുരം – ഗോരഖ്പൂര്‍, എറണാകുളം – ബറൂണി ട്രെയിനുകളാണ് സര്‍വീസ് നടത്തുക.
Read Also: പ്രത്യേക പരിഗണനയില്ല; റിപ്പബ്ളിക് ടിവിയോട് സുപ്രീം കോടതി