കൊച്ചി: ‘ജെഎസ്കെ-ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമാ വിവാദത്തിൽ ഒടുവിൽ പര്യവസാനം. സിനിമയ്ക്ക് സെൻസർ ബോർഡ് അനുമതി നൽകി. സിനിമയിലെ കഥാപാത്രമായ ജാനകിയുടെ പേര് ജാനകി വി എന്നാക്കിയത് ഉൾപ്പടെയുള്ള മാറ്റങ്ങളോടെ നിർമാതാക്കൾ പുതിയ പതിപ്പ് സെൻസർ ബോർഡിന് സമർപ്പിച്ചതിന് പിന്നാലെയാണ് പ്രദർശനാനുമതി നൽകിയത്.
പേരിലെ മാറ്റത്തിനൊപ്പം ചിത്രത്തിൽ ജാനകി എന്ന പേര് പരാമർശിക്കുന്ന സ്ഥലങ്ങൾ ‘മ്യൂട്ട്’ ചെയ്യുന്നത് ഉൾപ്പടെ 8 മാറ്റങ്ങളാണ് റീ എഡിറ്റിൽ വരുത്തിയിരിക്കുന്നതെന്നാണ് വിവരം. മാറ്റങ്ങൾ വരുത്തി കഴിഞ്ഞദിവസമാണ് അണിയറ പ്രവർത്തകർ ചിത്രം സെൻസർ ചെയ്യാനെത്തിയത്. സെൻസർ ബോർഡ് അനുമതി ലഭിച്ചതോടെ അവസാനവട്ട മിനുക്കുപണികൾ പൂർത്തിയാക്കി സിനിമ ഈമാസം 17ന് പുറത്തിറക്കാൻ കഴിയുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.
സിനിമയുടെ പേരിനൊപ്പമുള്ള ‘ജാനകി’ക്ക് പകരം കഥാപാത്രത്തിന്റെ മുഴുവൻ പേരായ ജാനകി വിദ്യാധരന്റെ ഇനീഷ്യൽ കൂടി ചേർത്ത് സിനിമയുടെ പേര് ‘വി. ജാനകി’ എന്നോ ‘ജാനകി വി’ എന്നോ ആക്കുക, സിനിമയിൽ കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് പറയുന്നത് മ്യൂട്ട് ചെയ്യുക എന്നതാണ് സെൻസർ ബോർഡ് നിർദ്ദേശിച്ച രണ്ട് മാറ്റങ്ങൾ. ഇത് അംഗീകരിക്കാമെന്ന് നിർമാതാക്കൾ ഹൈക്കോടതിയിൽ അറിയിച്ചതോടെയാണ് പ്രതിസന്ധി നീങ്ങിയത്.
മത, ജാതി, വംശവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിദ്വേഷകരമായ കാര്യങ്ങൾ സിനിമയിൽ ഉണ്ടാകരുതെന്ന മാർഗനിർദ്ദേശങ്ങൾ ലംഘിക്കപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് സെൻസർ ബോർഡ് ചിത്രത്തിന് അനുമതി നിഷേധിച്ചത്. തുടർന്ന് നിർമാതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പിന്നാലെയാണ് വിവാദങ്ങൾ നീങ്ങിയത്.
Most Read| യൂറോപ്യൻ യൂണിയൻ, മെക്സിക്കോ; 30 ശതമാനം തീരുവ ചുമത്തി ട്രംപ്








































