ഖാർത്തൂം: സുഡാനിൽ ആഭ്യന്തര കലാപം രൂക്ഷമാകുന്നു. സ്ത്രീകളെയും കുട്ടികളെയുമടക്കം നൂറുകണക്കിന് പേരെ കൂട്ടക്കൊല ചെയ്തു. റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (ആർഎസ്എഫ്) നൂറുകണക്കിന് പേരെ നിരത്തിനിർത്തി കൂട്ടക്കൊല ചെയ്യുന്ന വീഡിയോകൾ പുറത്തുവന്നു. രാജ്യത്ത് അതീവ ഗുരുതര സാഹചര്യമാണെന്ന് ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കി.
സുഡാൻ സൈന്യവും വിമത സേനയായ ആർഎസ്എഫുമായാണ് ഏറ്റുമുട്ടൽ. ഒരുവർഷമായി ഏറ്റുമുട്ടൽ തുടരുകയാണെങ്കിലും എൽ ഷാഫിർ നഗരം ദിവസങ്ങൾക്ക് മുൻപ് വിമതർ പിടിച്ചെടുത്തതോടെയാണ് കൂട്ടക്കൊല ആരംഭിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങളെയും, തങ്ങളെ എതിർക്കുന്നവരെയുമാണ് ആർഎസ്എഫ് അതിക്രൂരമായി കൊല ചെയ്യുന്നത്.
രണ്ടു ദിവസങ്ങൾക്കുള്ളിൽ 2000 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. രാജ്യത്ത് 90 ശതമാനവും സുഡാനി അറബ് വംശജരാണ്. അഞ്ചുശതമാനം ക്രിസ്ത്യാനികളും അത്രതന്നെ പ്രാദേശിക ഗോത്രവിഭാഗക്കാരുമാണ്. അതേസമയം, കൂട്ടക്കൊല തുടരുകയാണെങ്കിലും അന്താരാഷ്ട്ര തലത്തിൽ വലിയ ഇടപെടലുകൾ സുഡാനിൽ ഉണ്ടായിട്ടില്ല.
സുഡാൻ പട്ടാള ഭരണാധികാരി ജനറൽ അബ്ദേൽല ഫത്താ അൽ ബുർഹാന് പൂർണ പിന്തുണ നൽകുകയാണ് സൈന്യം. ജനറൽ മുഹമ്മദ് ഹംദാൻ ഡഗാലോയെ അനുകൂലിക്കുന്നവരാണ് റാപ്പിഡ് സപ്പോർട് ഫോഴ്സ്. 2019ൽ സുഡാന്റെ ഏകാധിപതി ഒമർ അൽ ബഷീറിനെ പുറത്താക്കിയത് മുതലാണ് ഇരു സേനകളും തമ്മിൽ അധികാര വടംവലി തുടങ്ങിയത്.
സംഘർഷത്തിൽ ഇതുവരെ 1,50,000 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. 1.20 കോടിയോളം പേർക്ക് വീടുകൾ നഷ്ടമായി.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്








































