പാലക്കാട്: വാളയാറിൽ അതിഥി തൊഴിലാളി ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സ്‌ത്രീകളും ഉൾപ്പെട്ടതായി സൂചന. ഛത്തീസ്‌ഗഡ് ബിലാസ്‌പുർ സ്വദേശി രാമനാരായൺ ഭയ്യാർ (31) ആണ് മരിച്ചത്. ഇയാളെ മർദ്ദിക്കുന്ന വീഡിയോകളിൽ നിന്നാണ് സംഭവത്തിൽ സ്‌ത്രീകളും ഉൾപ്പെട്ടിട്ടുണ്ടെന്ന സംശയത്തിൽ പോലീസ് എത്തിയിരിക്കുന്നത്.
15ഓളം പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. കേസുമായി ബന്ധപ്പെട്ട് അഞ്ചുപേരെയാണ് പോലീസ് ആദ്യഘട്ടത്തിൽ അറസ്‌റ്റ് ചെയ്‌തിട്ടുള്ളത്. അട്ടപ്പള്ളം മഹാളിക്കാട് സ്വദേശികളായ സി. പ്രസാദ് (34), സി. മുരളി (38), കിഴക്കേ അട്ടപ്പള്ളം സ്വദേശികളായ കെ.ബിബിൻ (30), അനന്തൻ (55), അട്ടപ്പള്ളം കല്ലങ്കാട് എ. അനു (38) എന്നിവരാണ് അറസ്‌റ്റിലായത്. ഇവർ റിമാൻഡിലാണ്.
വാളയാർ പോലീസ് അന്വേഷിച്ചു തുടങ്ങിയ കേസ് കഴിഞ്ഞദിവസം ക്രൈം ബ്രാഞ്ചിന് കൈമാറി. രാമനാരായണിനെ മർദ്ദിക്കുന്ന വീഡിയോകളിൽ നിന്നും ചിത്രങ്ങളിൽ നിന്നും തിരിച്ചറിയാൻ കഴിഞ്ഞ അഞ്ചുപേരെയാണ് പോലീസ് ഇപ്പോൾ അറസ്‌റ്റ് ചെയ്‌തിട്ടുള്ളത്. പ്രാദേശിക വാട്‌സ് ആപ് ഗ്രൂപ്പുകളിലടക്കം പങ്കുവെയ്‌ക്കപ്പെട്ട വീഡിയോകൾ അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.
അട്ടപ്പള്ളത്ത് ബുധനാഴ്‌ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. രാമനാരായൺ മദ്യപിച്ചിരുന്നു. എന്നാൽ, കൈയ്യിൽ മോഷണ വസ്‌തുക്കളൊന്നും ഇല്ലായിരുന്നു. നാട്ടുകാരുടെ മർദ്ദനമേറ്റ രാമനാരായൺ ഭയ്യാർ ചോരതുപ്പി നിലത്തുവീണു. ആശുപത്രിയിൽ എത്തിച്ച രാമനാരായൺ വ്യാഴാഴ്‌ച രാത്രിയോടെയാണ് മരിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോൾ ഈ കേസ് അന്വേഷിച്ചു വരുന്നത്. രാമനാരായണിന്റെ ഭാര്യയും മക്കളും ഇന്ന് കേരളത്തിൽ എത്തുമെന്നാണ് സൂചന. അവർ എത്തിയ ശേഷമായിരിക്കും മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ തീരുമാനമെടുക്കൂ. നിലവിൽ തൃശൂർ മെഡിക്കൽ കോളേജിലാണ് രാമനാരായണിന്റെ മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്







































