ന്യൂഡെൽഹി: ഇന്ത്യക്ക് ചുമത്തിയ പകരം തീരുവ 18 ശതമാനമാക്കി കുറച്ച യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹിക മാദ്ധ്യമ പോസ്‌റ്റിലാണ് മോദി ട്രംപിന് നന്ദി അറിയിച്ചത്.
”പ്രിയ സുഹൃത്ത് ട്രംപുമായി സംസാരിച്ചതിന് വലിയ സന്തോഷം. ഇന്ത്യയിൽ നിർമിച്ച ഉൽപ്പന്നങ്ങൾക്ക് താരിഫ് 18% താരിഫ് കുറയുമെന്നതിനാൽ വലിയ ആഹ്ളാദം. ഈ അത്‌ഭുതകരമായ പ്രഖ്യാപനത്തിന് 140 കോടി ഇന്ത്യക്കാരെ പ്രതിനിധീകരിച്ച് നന്ദി പറയുന്നു.
ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്‌ഥകളും ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ, അത് നമ്മുടെ ജനങ്ങൾക്ക് പ്രയോജനകരമാവുകയും പരസ്‌പര സഹകരണത്തിന് വളരെയധികം അവസരങ്ങൾ തുറക്കുകയും ചെയ്യും.
ലോക സമാധാനം, സ്‌ഥിരത സമൃദ്ധി എന്നിവയ്‌ക്ക് പ്രസിഡണ്ട് ട്രംപിന്റെ നേതൃത്വം നിർണായകമാണ്. സമാധാനത്തിനായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ ഇന്ത്യ പൂർണമായി പിന്തുണയ്‌ക്കുന്നു. നമ്മുടെ പങ്കാളിത്തം അത്‌ഭുതപൂർവമായ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിനായി അദ്ദേഹവുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു”- മോദി എക്‌സിൽ കുറിച്ചു.
തീരുവ കുറച്ചതിൽ പ്രധാനമന്ത്രി നന്ദി പറഞ്ഞെങ്കിലും വ്യാപാര കരാറിനെക്കുറിച്ച് പരാമർശമില്ല. തീരുവ കുറച്ചതിന് പകരമായി റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചിട്ടുണ്ടെന്നും അത് യുക്രൈൻ യുദ്ധം തീർക്കുന്നതിന് സഹായകമാകുമെന്നും ട്രംപ് പറഞ്ഞു. കൂടാതെ, യുഎസിന്റെ ഊർജ, സാങ്കേതിക, കാർഷിക മേഖലയിൽ നിന്ന് 50,000 കോടി ഡോളറിന്റെ ഉൽപ്പന്നങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്യുമെന്നും ട്രംപ് അവകാശപ്പെട്ടു.
എന്നാൽ, ഇത് സംബന്ധിച്ച് ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക പ്രതികരണം ഒന്നും വന്നിട്ടില്ല. കഴിഞ്ഞ ഓഗസ്‌റ്റിലാണ് ട്രംപ് ഇന്ത്യക്കുമേൽ അധിക തീരുവ ചുമത്തിയത്. 25% പകരം തീരുവയ്‌ക്ക് പുറമെ റഷ്യൻ എണ്ണ വാങ്ങുന്നതിന് യുഎസ് ചുമത്തിയ 25% അധിക തീരുവയും ചേർത്ത് ആകെ 50% തീരുവയാണ് ചുമത്തിയിരുന്നത്.
Most Read| ചൊറി വന്നാൽ പിന്നെ സഹിക്കാൻ പറ്റുമോ! വിചിത്ര ശീലവുമായി വെറോണിക്ക



































