ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ. റോയ് ആറുമാസമായി കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്ന് തെളിയിക്കുന്ന രേഖകൾ അന്വേഷണ സംഘം കണ്ടെത്തി. കേന്ദ്ര ഏജൻസികളുടെ വലയിൽ റോയ് കുടുങ്ങുമെന്ന് സംശയിച്ച് ചില നിക്ഷേപകർ പണം തിരിച്ചു ചോദിച്ചത് സമ്മർദ്ദം കൂട്ടാൻ കാരണമായെന്നാണ് നിഗമനം.
കട ബാധ്യതയില്ലെങ്കിൽ ദുബായിലും കേരളത്തിലുമുള്ള റിയൽ എസ്റ്റേറ്റ് പദ്ധതികൾക്കായി രാഷ്ട്രീയ നേതാക്കളിൽ നിന്നും സിനിമാ മേഖലയിൽ നിന്നുള്ളവരിൽ നിന്നും റോയ് നിക്ഷേപം സ്വീകരിച്ചിരുന്നു. ഇവരെല്ലാം പണം തിരിച്ചു ചോദിച്ചതാണ് റോയിയെ സമ്മർദ്ദത്തിലാക്കിയത്.
പല ഇടപാടുകളുടെയും സ്രോതസ് വെളിപ്പെടുത്താനാവാതെ കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയെന്നാണ് സംശയിക്കുന്നത്. ഗ്രൂപ്പ് ആസ്ഥാനത്ത് നിന്ന് നിക്ഷേപകരുടെ വിശദാംശങ്ങൾ ഉൾപ്പടെ റോയ് എഴുതിയ കുറിപ്പുകളും ലഭിച്ചിട്ടുണ്ട്. കൊച്ചിയിൽ നിന്നുള്ള ആദായനികുതി ഉദ്യോഗസ്ഥർ നഗരത്തിൽ തുടരുകയാണെന്നും സൂചനയുണ്ട്.
30ന് നടന്ന പരിശോധനയിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ രേഖകൾ ആവശ്യപ്പെട്ടതോടെയാണ് റോയിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് പിന്നിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മർദ്ദമാണെന്ന് പറയാറായിട്ടില്ലെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ

































