കൊല്ലം: ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. കൊട്ടാരക്കര നടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപിക സിന്ധു എസ്. നായരാണ് പരാതി നൽകിയത്. സെക്യൂരിറ്റി അധ്യാപികയെ തടഞ്ഞ് ഗേറ്റ് പൂട്ടുകയായിരുന്നു.
തുടർന്ന് ഗേറ്റിന് മുന്നിലിരുന്ന് പ്രതിഷേധിച്ച അധ്യാപിക പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസെത്തി ഗേറ്റ് തുറന്നതിന് ശേഷമാണ് അധ്യപികയ്ക്ക് സ്കൂളിനുള്ളിൽ പ്രവേശിക്കാനായത്. സ്കൂൾ മാനേജർ അറിയിച്ചത് അനുസരിച്ചാണ് ഗേറ്റ് പൂട്ടിയതെന്നാണ് സെക്യൂരിറ്റിയുടെ വിശദീകരണം.
മുൻപും ചുരിദാർ ധരിച്ച് വന്നപ്പോൾ മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് വസ്ത്രധാരണത്തെ കുറിച്ച് സംസാരം ഉണ്ടായിട്ടുണ്ടെന്ന് പ്രധാനാധ്യാപിക പറഞ്ഞു. സമാനമായ അവസ്ഥ സ്കൂളിലെ മറ്റ് അധ്യാപികമാരും നേരിട്ടിട്ടുണ്ട്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നും ടീച്ചറോട് വിവരങ്ങൾ തിരക്കിയിട്ടുണ്ട്.
സ്കൂളിൽ സാരിക്ക് പുറമെ ചുരിദാർ ധരിച്ചെത്താൻ അധ്യാപികമാർക്ക് അനുവാദം നൽകിക്കൊണ്ടുള്ള ഉത്തരവ് വർഷങ്ങൾക്ക് മുൻപേ സംസ്ഥാന സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. 2008 ഫെബ്രുവരി നാലിനാണ് ഇതുസംബന്ധിച്ച ഉത്തരവ് ആദ്യം പുറത്തിറങ്ങിയത്.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല






































