കൊച്ചി: നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ പത്തനംതിട്ട എംപി ആന്റോ ആന്റണിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം നീളുന്നു. ആന്റോ ആന്റണിക്ക് 2019ൽ രണ്ടുകോടി രൂപ കൈമാറിയെന്ന എൻസിഎസ് ഉടമ എൻഎം. രാജുവിന്റെ വെളിപ്പെടുത്തലിലാണ് ഇഡി അന്വേഷണം എംപിയിലേക്കും നീളുന്നത്.
ആന്റോ ആന്റണിക്ക് എൻഎം. രാജു നൽകിയത് തട്ടിപ്പ് പണമാണെന്നാണ് വിലയിരുത്തൽ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 2019ൽ പലതവണയായി രണ്ടുകോടി രൂപ ആന്റോ ആന്റണിക്ക് വായ്പ നൽകിയെന്നായിരുന്നു കഴിഞ്ഞദിവസം എൻഎം. രാജു ആരോപിച്ചത്. ഇതിന്റെ വിശദാംശങ്ങൾ അറിയാനായി ആന്റോ ആന്റണിയെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം.
ഇതിനായി ഉടൻ നോട്ടീസ് നൽകും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നൽകിയ രണ്ടുകോടി രൂപ മടക്കി നൽകിയില്ലെന്നായിരുന്നു രാജുവിന്റെ ആരോപണം. പലതവണ ആവശ്യപ്പെട്ടതിന് ശേഷം 20 ലക്ഷം രൂപ മാത്രമാണ് മടക്കി നൽകിയത്. രേഖയൊന്നുമില്ലാതെ വ്യക്തിബന്ധം വെച്ച് പണം നൽകിയതാണെന്നും എൻഎം. രാജു പറഞ്ഞിരുന്നു.
പണം വാങ്ങിയ കാര്യം ആന്റോ ആന്റണി സമ്മതിച്ചിരുന്നു. പ്രചാരണത്തിനായി സഹായിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മുഴുവൻ പണവും രാജുവിന് തിരികെ നൽകിയെന്നുമാണ് ആന്റോയുടെ പ്രതികരണം. ഇഡി അന്വേഷണം വരുമ്പോൾ നോക്കാമെന്നും ആന്റോ ആന്റണി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞദിവസം നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. നെടുമ്പറമ്പിൽ ഫിനാൻസിന്റെ പൂട്ടിപ്പോയ തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള ഓഫീസിലും സ്ഥാപന ഉടമ എൻഎം. രാജുവിന്റെ രാമൻചിറയിലെ വീട്ടിലുമാണ് പരിശോധന നടത്തിയത്.
കേരളത്തിലാകെ 150ഓളം ശാഖകളുണ്ടായിരുന്ന എൻസിഎസ് രണ്ടുവർഷം മുമ്പാണ് നിക്ഷേപകർക്ക് പണം തിരിച്ചു നൽകാതെ കേസിൽ അകപ്പെട്ടത്. 2024 മേയ് ഏഴിന് സ്ഥാപന ഉടമ എൻഎം. രാജു (64), ഭാര്യ ഗ്രേസ്, മക്കളായ അലൻ ജോർജ്, അൻസൻ ജോർജ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് വിവിധ പോലീസ് സ്റ്റേഷനുകളിലായി പരാതി ലഭിച്ചത്.
കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമാണോ തട്ടിപ്പ് എന്ന് അന്വേഷിക്കാൻ പിന്നീട് ഇഡിയും കേസ് രജിസ്റ്റർ ചെയ്തിരുന്നു. സ്ഥാപനത്തിന്റെ ഹെഡ് ഓഫീസ് അടക്കം കുറേക്കാലം അടച്ചിട്ടു. പിന്നീട് നാമമാത്രമായ പ്രവർത്തനം തുടരുന്നതിനിടെയാണ് ഇഡി റെയ്ഡ്.
ശബരിമല സ്വർണക്കൊള്ള കേസിൽ ഉൾപ്പെട്ട ചിലർ എൻസിഎസിൽ കോടിക്കണക്കിന് രൂപ നിക്ഷേപിച്ചിരുന്നു എന്നും സ്ഥാപനം പൂട്ടിയിട്ടും പോലീസിൽ പരാതി നൽകിയിട്ടില്ലെന്നും ആരോപണങ്ങൾ ഉയർന്നു. ശബരിമല കേസ് അന്വേഷിക്കുന്ന എസ്ഐടിയും ഇത്തരത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു.
Most Read| പാമ്പുകൾക്ക് സ്വൈര്യവിഹാരം, വീടുകളിൽ കയറിയിറങ്ങും, ആർക്കും പേടിയില്ല!





































