ന്യൂഡെൽഹി: ചരിത്രത്തിലെ ഏറ്റവും വലിയ ആയുധക്കരാറിൽ ഒപ്പിടാനൊരുങ്ങി ഇന്ത്യ. 114 ഫ്രഞ്ച് നിർമിത റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാനാണ് ഇന്ത്യയുടെ നീക്കം. 3.25 ലക്ഷം കോടി രൂപയുടെ കരാറിന് പ്രതിരോധ മന്ത്രാലയം ഈ ആഴ്‌ച അനുമതി നൽകുമെന്നാണ് റിപ്പോർട്.
നിലവിലുള്ള 36 റഫാൽ വിമാനങ്ങൾക്ക് പുറമെയാണ് 114 വിമാനങ്ങൾ കൂടി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാവുക. കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആയുധക്കരാർ ആയിരിക്കും ഇത്. വ്യോമസേനയുടെ മൾട്ടി റോൾ ഫൈറ്റർ എയർക്രാഫ്റ്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് പുതിയ റഫാൽ വിമാനങ്ങൾക്ക് കൂടി ഇന്ത്യ ഓർഡർ ചെയ്യുന്നത്.
ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോയുടെ ഇന്ത്യാ സന്ദർശനത്തിന് മുൻപ് കരാറിന് അന്തിമരൂപം നൽകുമെന്നാണ് സൂചന. ഈമാസം 19, 20 തീയതികളിലാണ് മക്രോയുടെ ഇന്ത്യാ സന്ദർശനം. പുതിയ കരാർ പ്രകാരമുള്ള 114ൽ 100 വിമാനവും ഇന്ത്യയിൽ തന്നെ നിർമിക്കുമെന്നാണ് സൂചന. ‘മെയ്‌ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായിട്ടായിരിക്കും വിമാനങ്ങൾ ഇന്ത്യയിൽ നിർമിക്കുക.
114 വിമാനങ്ങൾ കൂടി ഇന്ത്യക്ക് ലഭിക്കുന്നതോടെ ലോകത്ത് ഫ്രാൻസ് കഴിഞ്ഞാൽ ഏറ്റവുമധികം റഫാൽ വിമാനങ്ങളുള്ള വ്യോമസേനയായി ഇന്ത്യൻ വ്യോമസേന മാറും. നിലവിൽ 36 റഫാൽ വിമാനങ്ങൾ വ്യോമസേനയുടെ ഭാഗമാണ്. 2024 ഡിസംബറിലാണ് വ്യോമസേന അവസാനത്തെ ‘സി’ വേരിയന്റ് റഫാൽ വിമാനങ്ങൾ ഫ്രാൻസിൽ നിന്ന് സ്വീകരിച്ചത്.
കൂടാതെ 2025 ഏപ്രിലിൽ 63,000 കോടി രൂപയുടെ റഫാൽ യുദ്ധവിമാന കരാർ പ്രകാരം, 26 ‘എം’ വേരിയന്റ് റഫാലുകൾക്കും ഇന്ത്യ ഓർഡർ നൽകിയിരുന്നു. നാവികസേനയ്‌ക്ക് വേണ്ടി പ്രവർത്തിക്കുന്ന റഫാൽ വേരിയന്റാണ് ‘എം’. ഇതിന്റെ കൈമാറ്റം 2030 ആകുമ്പോഴേക്കും സാധ്യമാകുമെന്നാണ് വിലയിരുത്തൽ. നാവികസേനയുടെ വിമാനവാഹിനി കപ്പലുകളായ ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് വിക്രമാദിത്യ എന്നിവയിൽ റഫാൽ എം വിമാനങ്ങൾ വിന്യസിക്കാനാണ് തീരുമാനം.
Most Read| വാട്‌സ് ആപ്, ഇൻസ്‌റ്റഗ്രാം ആപ്പുകളിലെ എഐ ചാറ്റ് ഫീച്ചറുകൾ; കുട്ടികൾക്ക് നിയന്ത്രണം






































