തിരുവനന്തപുരം: ഈമാസം 12ന് നടക്കുന്ന 24 മണിക്കൂർ ദേശീയ പണിമുടക്കിൽ കേരളം പൂർണമായും സ്‌തംഭിക്കുമെന്ന് സംയുക്‌ത ട്രേഡ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്‌മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്‌ഥാപിക്കുക അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
അതേസമയം, പണിമുടക്കിൽ നിന്ന് ശബരിമല തീർഥാടകരെയും മാരാമൺ കൺവെൻഷനെയും ഒഴിവാക്കി. കോഴഞ്ചേരി, തോട്ടപ്പുഴശേരി പഞ്ചായത്തുകളെയും ഒഴിവാക്കി. ഷോപ്പിങ് മാളുകൾ, സ്‌പെഷ്യൽ ഇക്കണോമിക് സോൺ അടക്കമുള്ളവ സ്‌തംഭിക്കും.
പാൽ, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകൾ, ഫയർ ആൻഡ് റെസ്‌ക്യൂ, ആംബുലൻസ് തുടങ്ങിയ അത്യാവശ്യ സർവീസുകളൊഴിച്ച് മറ്റെല്ലാ മേഖലയിലെയും തൊഴിലാളികൾ പണിമുടക്കും. വ്യവസായ- കാർഷിക-വാണിജ്യ- വ്യാപാര മേഖലകൾ പൂർണമായി നിശ്‌ചലമാകും. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കും. മോട്ടോർ വാഹനങ്ങൾ നിരത്തിലിറങ്ങില്ലെന്നും ട്രേഡ് യൂണിയൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സംയുക്‌ത കർഷക മോർച്ചയും കർഷക തൊഴിലാളി സംഘടനകളും സിപിഎം, സിപിഐ അടക്കമുള്ള വിവിധ രാഷ്‌ട്രീയ പാർട്ടികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്‌ഥാന സർക്കാർ ജീവനക്കാരും അധ്യാപക സംഘടനകളും ബാങ്ക്, ഇൻഷുറൻസ്, പ്രതിരോധം, റെയിൽവേ, തുറമുഖം, വ്യോമയാന രംഗത്തെ ജീവനക്കാരും, അനുബന്ധ കരാർ തൊഴിലാളികളും പണിമുടക്കിനെ പിന്തുണയ്‌ക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
ഓട്ടോ, ബസ്, കാർ, ലോറി തുടങ്ങി മോട്ടോർ തൊഴിലാളികൾ, ഷോപ്പ് എംപ്ളോയീസ്, മൽസ്യബന്ധനം- വിതരണ മേഖല, വഴിയോര കച്ചവട തൊഴിലാളികൾ, പ്രസ് ജീവനക്കാർ, സ്‌കീം വർക്കർമാർ, നിർമാണം, കയറ്റിറക്ക്, ഐടി, ചെറുകിട വ്യവസായം, സ്വകാര്യ-പൊതുമേഖല ബാങ്കുകൾ, ഇൻഷുറൻസ് സ്‌ഥാപനങ്ങൾ, നോൺ ബാങ്കിങ് സ്‌ഥാപനങ്ങൾ എന്നിവരും പണിമുടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
അതേസമയം, പണിമുടക്കിൽ എൻജിഒ സംഘ് പങ്കെടുക്കില്ല. സംസ്‌ഥാന ജീവനക്കാരുമായി യാതൊരു പുലബന്ധവും ഇല്ലാത്ത വിഷയങ്ങൾ ഉന്നയിച്ച് നടത്തുന്ന രാഷ്‌ട്രീയപ്രേരിത പണിമുടക്ക് ആഹ്വനം ജീവനക്കാർ തള്ളിക്കളയണമെന്ന് കേരള എൻജിഒ സംഘ് സംസ്‌ഥാന പ്രസിഡണ്ട് ജെ. മഹാദേവൻ, ജനറൽ സെക്രട്ടറി എസ്. രാജേഷ് എന്നിവർ ആവശ്യപ്പെട്ടു.
Most Read| പാമ്പുകൾക്ക് സ്വൈര്യവിഹാരം, വീടുകളിൽ കയറിയിറങ്ങും, ആർക്കും പേടിയില്ല!






































