തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്‌റ്റിലായ മുൻ തന്ത്രി കണ്‌ഠരര് രാജീവരുടെ കുടുംബാംഗങ്ങളുടെ അടക്കം സാമ്പത്തിക സ്രോതസിന്റെ തെളിവുകൾ കോടതിയിൽ ഹാജരാക്കി എസ്ഐടി. തന്ത്രിയുടെ ജാമ്യ ഹരജിയെ എതിർത്തുകൊണ്ടാണ് എസ്ഐടി കോടതിയിൽ റിപ്പോർട് നൽകിയത്.
ഹരജിയിൽ വാദം പൂർത്തിയായി. ഈമാസം വിധി പറയാനായി മാറ്റി. സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിൽ വൻ നിക്ഷേപം ഉണ്ടെന്നാണ് കണ്ടെത്തൽ. തന്ത്രിയുടെ പേരിൽ 2.05 കോടി രൂപയുണ്ട്. ഭാര്യയുടെ പേരിൽ 62 ലക്ഷം രൂപയും നിക്ഷേപമുണ്ട്. ഈ വലിയ സാമ്പത്തിക സ്രോതസ് വന്നതിനെ കുറിച്ച് അന്വേഷണങ്ങൾ നടക്കുകയാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
തന്ത്രി 2024-25 സാമ്പത്തിക വർഷം 7,26,000 രൂപ കൈപ്പറ്റിയതായി എസ്ഐടി കോടതിയെ അറിയിച്ചു. അതിനാൽ, അഴിമതി നിരോധന നിയമം തന്ത്രിക്കും ബാധകമാകുമെന്ന് എസ്ഐടി കോടതിയോട് പറഞ്ഞു. ദേവസ്വം ബോർഡിൽ നിന്ന് പല സമയങ്ങളിൽ പല കാരണങ്ങൾ പറഞ്ഞ് പണം കൈപ്പറ്റിയെന്നും എസ്ഐടിയുടെ റിപ്പോർട്ടിലുണ്ട്.
സ്വർണക്കൊള്ള കേസിൽ തന്ത്രിക്ക് വളരെ വലിയ ബന്ധമുണ്ട്. അതിനാൽ ജാമ്യം അനുവദിക്കരുതെന്ന് എസ്ഐടി കോടതിയോട് ആവശ്യപ്പെട്ടു. ബെംഗളൂരുവിലെ ശ്രീരാമപുര ക്ഷേത്രത്തിൽ വെച്ചാണ് ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ തന്ത്രി പരിചയപ്പെടുന്നത്. താന്ത്രിക വിധി പ്രകാരം മാത്രമല്ല തന്ത്രി ശബരിമലയിൽ ഇടപെടുന്നത്. തന്ത്രിക്ക് സ്വർണക്കൊള്ള തടയാമായിരുന്നുവെന്നും പ്രോസിക്യൂഷൻ വാദിച്ചു.
അതേസമയം, കേസിൽ റിമാൻഡിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ കമ്മീഷണറും പ്രസിഡണ്ടുമായിരുന്ന എൻ. വാസുവിന്റെ ജാമ്യ ഹരജിയിൽ നാളെ കൊല്ലം വിജിലൻസ് കോടതി വിധി പറയും. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെ സ്വാഭാവിക ജാമ്യം തേടി ഇയാൾ കോടതിയെ സമീപിച്ചിരുന്നു.
അതിനിടെ, ദേവസ്വം മുൻ പ്രസിഡണ്ടും സിപിഎം നേതാവുമായ എ. പത്‌മകുമാറിനെ വീണ്ടും റിമാൻഡ് ചെയ്‌തു. 14 ദിവസത്തേക്കാണ് റിമാൻഡ് നീട്ടിയത്. കേസിൽ പ്രതിയായ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി തള്ളിയിരുന്നു. അന്വേഷണം നടക്കുകയാണെന്നും ഈസമയം ഇടപെടാനാകില്ലെന്നും വ്യക്‌തമാക്കിയാണ് സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളിയത്.
Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്‌ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം






































