പന്നു വധശ്രമക്കേസ്‌; അമേരിക്കൻ കോടതിയിൽ കുറ്റം സമ്മതിച്ച് നിഖിൽ ഗുപ്‌ത

പന്നുവിനെ വധിക്കാനായി വാടകക്കൊലയാളിയെ ഏർപ്പെടുത്തിയതും ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളും ഗുപ്‌ത സമ്മതിച്ചതായാണ് യുഎസ് അറ്റോർണിയുടെ ഓഫീസ് അറിയിച്ചത്. 2026 മേയ് 29ന് കോടതി ശിക്ഷാവിധി പ്രഖ്യാപിക്കും.

By Senior Reporter, Malabar News
Gurpatwant Singh Pannun
ഗുർപദ്‌വന്ത് സിങ് പന്നു (Image Courtesy: NDTV)
Ajwa Travels

വാഷിങ്ടൻ: ന്യൂയോർക്കിൽ വെച്ച് ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഗുർപദ്‌വന്ത് സിങ് പന്നുവിനെ വധിക്കാൻ ശ്രമിച്ച കേസിൽ കുറ്റം സമ്മതിച്ച് ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്‌ത (54). മാൻഹോട്ടൻ ഫെഡറൽ കോടതിയിലാണ് കുറ്റസമ്മതം നടത്തിയത്.

പന്നുവിനെ വധിക്കാനായി വാടകക്കൊലയാളിയെ ഏർപ്പെടുത്തിയതും ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളും ഗുപ്‌ത സമ്മതിച്ചതായാണ് യുഎസ് അറ്റോർണിയുടെ ഓഫീസ് അറിയിച്ചത്. 2026 മേയ് 29ന് കോടതി ശിക്ഷാവിധി പ്രഖ്യാപിക്കും.

40 വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത് ഇവയൊക്കെയെങ്കിലും കുറ്റസമ്മതത്തിന്റെ അടിസ്‌ഥാനത്തിൽ 21 മുതൽ 24 വർഷംവരെ ശിക്ഷ നൽകാനാണ് പ്രോസിക്യൂഷൻ ശുപാർശ ചെയ്‌തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഒരു ഇന്ത്യൻ സർക്കാർ ഉദ്യോഗസ്‌ഥനും വാടകക്കൊലയാളിക്കും ഇടയിൽ ഇടനിലക്കാരനായി ഗുപ്‌ത പ്രവർത്തിച്ചു എന്നാണ് യുഎസ് പ്രോസിക്യൂട്ടർമാരുടെ കണ്ടെത്തൽ.

ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയിലെ മുൻ ഉദ്യോഗസ്‌ഥനായ വികാശ് യാദവാണ് ഗൂഡാലോചനയ്‌ക്ക് പിന്നിലെന്ന് അമേരിക്ക ആരോപിക്കുന്നു. പന്നുവിനെ വധിക്കാൻ ഒരുലക്ഷം ഡോളറാണ് ഇവർ വാഗ്‌ദാനം ചെയ്‌തിരുന്നത്‌. എന്നാൽ, ഗുപ്‌ത ബന്ധപ്പെട്ടത് ഒരു അണ്ടർകവർ ഫെഡറൽ ഏജന്റിനോടായിരുന്നു എന്നതാണ് ഗൂഢാലോചന പരാജയപ്പെടാൻ കാരണം.

ഇതിനായി 15,000 ഡോളർ മുൻകൂറായി നൽകുകയും പന്നുവിന്റെ വിലാസവും ഫോൺ നമ്പറും ഉൾപ്പടെയുള്ള വിവരങ്ങൾ കൈമാറുകയും ചെയ്‌തിരുന്നു. 2023 ജൂണിലെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശന വേളയിൽ വധശ്രമം നടത്തരുതെന്ന് ഗുപ്‌ത നിർദ്ദേശിച്ചിരുന്നതായി കോടതി രേഖകൾ വ്യക്‌തമാക്കുന്നു.

എന്നാൽ, കാനഡയിൽ ഖലിസ്‌ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇനി വൈകേണ്ടതില്ലെന്ന് ഗുപ്‌ത വാടകക്കൊലയാളിയോട് പറഞ്ഞു. ഡ്രാഗ് എൻഫോഴ്‌സ്‌മെന്റ് അഡ്‌മിനിസ്‌ട്രേഷനും എഫ്ബിഐയും ചേർന്നാണ് ഈ പദ്ധതി തടഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു. പന്നുവിനെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ള വ്യക്‌തിയാണെങ്കിലും അമേരിക്കൻ മണ്ണിൽ വെച്ച് നടന്ന ഈ വധശ്രമം വലിയ നയതന്ത്ര ചർച്ചകൾക്ക് വഴിതെളിച്ചു.

2023 ജൂണിൽ ചെക്ക് റിപ്പബ്ളിക്കിലെ പ്രാഗ് വിമാനത്താവളത്തിൽ വെച്ചാണ് ഗുപ്‌ത അറസ്‌റ്റിലായത്‌. ഒരുവർഷത്തിന് ശേഷം 2024ൽ ഇയാളെ അമേരിക്കയ്‌ക്ക്‌ കൈമാറി. അന്നുമുതൽ ബ്രൂക്‌ലിനിലെ ജയിലിലുള്ള ഗുപ്‌ത താൻ നിരപരാധിയാണെന്നാണ് തുടക്കത്തിൽ വാദിച്ചിരുന്നത്. എന്നാൽ, കേസിൽ വിചാരണ നേരിടുന്നതിനേക്കാൾ കുറ്റം സമ്മതിക്കുന്നതാണ് ഉചിതമെന്ന് ഗുപ്‌ത തീരുമാനിക്കുക ആയിരുന്നുവെന്നാണ് വിവരം.

Most Read| പാമ്പുകൾക്ക് സ്വൈര്യവിഹാരം, വീടുകളിൽ കയറിയിറങ്ങും, ആർക്കും പേടിയില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE