ന്യൂഡെൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പശ്‌ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന കോക്രോച്ച് ജനത പാർട്ടിയുമായി (സിജെപി) കേന്ദ്ര സർക്കാർ ഇന്ന് ചർച്ച നടത്തും. ഡെൽഹിയിലെ കോൺസ്‌റ്റിറ്റ്യൂഷൻ ക്ളബ് ഓഫ് ഇന്ത്യയിൽ വച്ചായിരിക്കും ചർച്ചയെന്ന് സിജെപി വക്‌താവ് സൗരവ് ദാസ് പറഞ്ഞു.
കേന്ദ്രമന്ത്രി ജെപി നദ്ദയുടെ ഓഫീസിലോ വസതിയിലോ വെച്ച് ചർച്ചയാകാമെന്നതിൽ നിന്ന് കേന്ദ്രം പിൻമാറുകയും ഇരുഭാഗത്തിനും സ്വീകാര്യമായ വേദിയിൽ ചർച്ച നടത്താമെന്ന് അറിയിക്കുകയും ചെയ്‌തതിനെ തുടർന്നാണിതെന്നും സൗരവ് പറഞ്ഞു.
ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന ആവശ്യങ്ങൾ ഉൾപ്പടെ ഇന്ന് കേന്ദ്രവുമായി ചർച്ച നടത്തും. സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാര സമരം നടത്തിയ സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്ക് ഉപവാസ സമരം അവസാനിപ്പിച്ചതിന് പിന്നാലെയാണ് ചർച്ചയ്‌ക്ക് കളമൊരുങ്ങുന്നത്.
അതേസമയം, വാങ്‌ചുക്ക് നിരാഹാരം അവസാനിപ്പിച്ചതിൽ ആശ്വാസമുണ്ടെന്നും എന്നാൽ ജന്തർ മന്തറിൽ നടക്കുന്ന സമാധാനപരമായ സമരം ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കുന്നതുവരെ തുടരുമെന്നും സിജെപി സ്‌ഥാപകൻ അഭിജീത് ദീപ്‌കെ പറഞ്ഞു.
”26 ദിവസത്തെ നിരാഹാരം സോനം സർ അവസാനിപ്പിച്ചതിൽ ആശ്വാസവും നന്ദിയുമുണ്ട്. നിങ്ങളുടെ ധൈര്യത്തിനും ത്യാഗത്തിനും നന്ദി. നിങ്ങളുടെ ജീവൻ പണയപ്പെടുത്തിക്കൊണ്ട് ഈ രാജ്യത്തിന്റെ മുഴുവൻ മനഃസാക്ഷിയെ ഉണർത്തി. നിങ്ങളുടെ ജീവൻ രാജ്യത്തിന് വളരെ വിലപ്പെട്ടതാണ്”- ദീപ്‌കെ എക്‌സിൽ കുറിച്ചു.
ഗുരുഗ്രാം മേദാത്ത ആശുപത്രിയിൽ കേന്ദ്രമന്ത്രിമാരായ ജെപി നദ്ദ, ജിതേന്ദ്ര സിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് വാങ്‌ചുക്ക് ഉപവാസം അവസാനിപ്പിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് മന്ത്രിമാർ വാങ്‌ചുക്കിനെ സന്ദർശിച്ചതും നിരാഹാര സമരം ഒത്തുതീർപ്പായതും.
അതിനിടെ, പരീക്ഷാ ക്രമക്കേടുകളിലും വിദ്യാർഥി പ്രക്ഷോഭത്തിലും പ്രതികരിച്ച് അർദ്ധരാത്രിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തുവിട്ട വീഡിയോ സന്ദേശത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്കായി ശബ്‌ദമുയർത്തുന്ന വിദ്യാർഥികളുടെ ബുദ്ധിയെ പരിഹസിക്കരുതെന്ന് രാഹുൽ പറഞ്ഞു.
പരീക്ഷാ തട്ടിപ്പുകൾ തടയാൻ അതിവേഗ കോടതികളും കടുത്ത ശിക്ഷാനടപടികളും വ്യവസ്‌ഥ ചെയ്യുന്ന പുതിയ നിയമം അടുത്ത ആഴ്‌ച പാർലമെന്റിൽ കൊണ്ടുവരുമെന്ന് അർദ്ധരാത്രിയിലെ വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ മറുപടി. വിഷയത്തിൽ പ്രധാനമന്ത്രിയുടെ രണ്ടാമത്തെ പ്രതികരണമായിരുന്നു ഇത്.
Most Read| ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’; എംആർ അജിത് കുമാറിന് സസ്‌പെൻഷൻ

































