പത്തനംതിട്ട: അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലിരിക്കെ മരിച്ച ആലിൻ ഷെറിൻ ഏബ്രഹാമിന്റെ (ഒമ്പത് മാസം) മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. വീട്ടിലെ പൊതുദർശനത്തിന് ശേഷം വിലാപയാത്രയായാണ് മൃതദേഹം നെടുങ്ങാടപ്പള്ളി സെന്റ് തോമസ് പള്ളിയിലേക്ക് കൊണ്ടുപോയത്.
ഇവിടെ വെച്ചാണ് അന്തിമോപചാരമായി ഗാർഡ് ഓഫ് ഓണർ നൽകിയത്. തുടർന്നായിരുന്നു സംസ്‌കാരം. സംസ്‌ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ് ആലിൻ. ആയിരക്കണക്കിന് ആളുകളാണ് ആലിനെ അവസാനമായി ഒരുനോക്ക് കാണാൻ വീട്ടിലും പള്ളിയിലുമായി എത്തിയത്. പ്രധാനമന്ത്രിക്ക് വേണ്ടി കേന്ദ്രമന്ത്രി സുരേഷ് ഗോപി ആദാരാഞ്‌ജലി അർപ്പിച്ചു.
മന്ത്രിമാരായ വീണാ ജോർജ്, വിഎൻ വാസവൻ തുടങ്ങിയവരും ആദരാഞ്‌ജലികൾ അർപ്പിച്ചു. മല്ലപ്പള്ളി വാലുമണ്ണിൽ അരുൺ ഏബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും ഏകമകളായ ആലിന് കഴിഞ്ഞ അഞ്ചിന് എംസി റോഡിൽ പള്ളത്തുണ്ടായ അപകടത്തിലാണ് ഗുരുതരമായി പരിക്കേറ്റത്. കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം.
ആലിനെ ആറാം തീയതിയാണ് കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചത്. വ്യാഴാഴ്‌ച മസ്‌തിഷ്‌ക മരണം സംഭവിച്ചതോടെ മാതാപിതാക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. ആലിന്റെ ഇരുവൃക്കകളും കരളും ഉൾപ്പടെയുള്ള അവയവങ്ങളാണ് ദാനം ചെയ്‌തത്. രാത്രിയിൽ ഹെലികോപ്‌ടർ യാത്ര പ്രയോഗികമല്ലാത്തതിനാൽ റോഡ് മാർഗമാണ് അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചത്.
ആറുമാസം പ്രായമുള്ള ഡ്രിയയും പത്തുവയസുള്ള ശ്രേയയുമാണ് അവയവങ്ങൾ സ്വീകരിച്ചത്. ഡ്രിയയുടെ ശസ്‌ത്രക്രിയ കിംസ് ഹെൽത്തിലും ശ്രേയയുടെ ശസ്‌ത്രക്രിയ മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് നടന്നത്. ആലിന്റെ കരൾ ഡ്രിയയിലും വൃക്കകൾ ശ്രേയയും സ്വീകരിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ഡോക്‌ടർമാർ അറിയിച്ചു.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ




































