വാഷിങ്ടൻ: അമേരിക്കയോട് എത്രയും പെട്ടെന്ന് കരാറിലെത്താൻ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ആണവക്കരാറിൽ ധാരണയിലെത്താൻ ഇറാന് 10 മുതൽ 15 ദിവസം വരെ സമയപരിധി യുഎസ് നിശ്‌ചയിച്ചു. കരാറിലെത്താൻ ഇറാൻ പരാജയപ്പെട്ടാൽ പശ്‌ചിമേഷ്യയ്‌ക്ക് മോശമായ കാര്യങ്ങൾ സംഭവിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഗാസയിൽ സമാധാനം പുലരാനുള്ള ട്രംപിന്റെ പദ്ധതിയായ ‘ബോർഡ് ഓഫ് പീസി’ന്റെ ആദ്യ യോഗത്തിന്റെ ഉൽഘാടന വേളയിലാണ് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകിയത്. വരുന്ന പത്ത് ദിവസത്തിനുള്ളിൽ യുഎസുമായുള്ള ചർച്ചകൾ പൂർത്തീകരിക്കണമെന്നും അല്ലാത്ത പക്ഷം അമേരിക്ക ഒരു അടി കൂടി മുന്നോട്ടുവയ്‌ക്കുമെന്നും ട്രംപ് പറഞ്ഞു.
നിലവിൽ യുഎസ് തങ്ങളുടെ അത്യാധുനിക വിമാനങ്ങൾ പശ്‌ചിമേഷ്യയിലേക്ക് വിന്യസിച്ചിരിക്കുകയാണ്. എഫ്- 35, എഫ്- 22 ജെറ്റ് യുദ്ധവിമാനങ്ങൾ ഇക്കൂട്ടത്തിലുണ്ട്. ട്രംപിന്റെ ഭീഷണിയോടെ അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ഏത് നിമിഷവും ആരംഭിക്കുമെന്ന ആശങ്കകളും ഉയർന്നിട്ടുണ്ട്.
അതേസമയം, 2025 മേയിലുണ്ടായ ഇന്ത്യ-പാക്ക് സംഘർഷത്തിൽ താൻ മധ്യസ്ഥത വഹിച്ചതായി ട്രംപ് വീണ്ടും അവകാശപ്പെട്ടു. ഗാസയുടെ ദുരിതാശ്വാസ പാക്കേജിലേക്ക് ഒമ്പത് അംഗരാജ്യങ്ങൾ 700 കോടി ഡോളർ വാഗ്‌ദാനം ചെയ്‌തതായി ട്രംപ് അറിയിച്ചു. ഗാസയുടെ ചുമതലയ്‌ക്കായി രൂപീകരിക്കുന്ന രാജ്യാന്തര സമാധാന സേനയുടെ ഭാഗമാകുമെന്ന് ഇന്തൊനീഷ്യ, മൊറോക്കോ, കസഖ്‌സ്‌ഥാൻ, കൊസവോ, അൽബേനിയ എന്നീ രാജ്യങ്ങൾ അറിയിച്ചതായും ട്രംപ് വ്യക്‌തമാക്കി.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല





































