തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ ഇന്ന് കേരളത്തിലെത്തും. ഡെപ്യൂട്ടി കമ്മീഷണർമാരും ജൂനിയർ ലെവൽ ഓഫീസർമാരുമാണ് യോഗത്തിനായി എത്തുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കറുമായി പ്രതിനിധികൾ ചർച്ച നടത്തും.
ഉദ്യോഗസ്ഥരുടെ വിന്യാസം, ഇവിഎം പരിശോധന, ബൂത്തുകളുടെ ക്രമീകരണം എന്നിവയിൽ അവസാനവട്ട തീരുമാനം ഉണ്ടാകും. മാർച്ച് ആദ്യ ആഴ്ചയോടെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തൽ. തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. 2.69 കോടി വോട്ടർമാരാണ് പട്ടികയിലുള്ളത്.
എസ്ഐആറിന് ശേഷമുള്ള പട്ടികയിൽ ഒമ്പതുലക്ഷം പേർ ഒഴിവായതായാണ് പ്രാഥമിക കണക്ക്. കരട് പട്ടികയിലെ 36.88 ലക്ഷം പേരെ ഹിയറിങ്ങിന് വിളിച്ചിരുന്നു. 53,000 പേർ കരട് പട്ടികയിൽ നിന്ന് ഒഴിവായി. http://electoralsearch.eci.gov.in/ എന്ന വെബ്സൈറ്റിൽ പരിശോധനാ സൗകര്യമുണ്ട്. വോട്ടർ ഐഡി നമ്പർ, പേര്, ജനന തീയതി, ബന്ധുവിന്റെ പേര്, മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് സേർച്ച് ചെയ്യാം.
അതേസമയം, തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ വോട്ടർ പട്ടികയിൽ വിശദ പരിശോധനയ്ക്ക് രാഷ്ട്രീയ പാർട്ടികൾ തയ്യാറെടുക്കുന്നു. അർഹരായ വോട്ടർമാർ ഒഴിവായിട്ടുണ്ടോയെന്നത് ബൂത്ത് അടിസ്ഥാനത്തിൽ പരിശോധിക്കും. അന്തിമ പട്ടികയിലും ഒരേ കുടുംബത്തിലുള്ളവർ പല ഭാഗത്തായി എന്ന സ്ഥിതി ചില ബൂത്തുകളിൽ ഉണ്ട്.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല






































