തിരുവനന്തപുരം: കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉൽഘാടന ചടങ്ങ് ബഹിഷ്‌കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. ഉൽഘാടന ചടങ്ങിലേക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ. മുഹമ്മദ് റിയാസിന് ക്ഷണമില്ല. ഇതിൽ പ്രതിഷേധിച്ചാണ് സർക്കാർ ചടങ്ങ് ബഹിഷ്‌കരിക്കുന്നത്.
ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയ നടപടി കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് മന്ത്രി റിയാസിന്റെ പ്രതികരണം. സംസ്‌ഥാനത്തെ സുപ്രധാനമായ വികസന പദ്ധതികളുടെ ഉൽഘാടന ചടങ്ങിൽ നിന്ന് വകുപ്പ് മന്ത്രിയെ വെട്ടി പകരം ബിജെപി സംസ്‌ഥാന അധ്യക്ഷനെ ഉൾപ്പെടുത്തിയത് ജനാധിപത്യത്തിന് ചേർന്നതല്ലെന്നും അദ്ദേഹം വിമർശിച്ചു.
2014ൽ പദ്ധതി ഉപേക്ഷിക്കുന്നുവെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ രേഖാമൂലം അറിയിച്ച് ഓഫീസ് പൂട്ടിപ്പോയ ഒരു പദ്ധതിയെ 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷമാണ് മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ പുനരുജ്‌ജീവിപ്പിച്ചത്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ദേശീയപാതാ വികസനത്തിന് ഒരു സംസ്‌ഥാന സർക്കാർ 5,600 കോടി രൂപ വിഹിതം നൽകാൻ തയ്യാറായത് കേരളത്തിലാണെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയുടെ തുടക്കം മുതൽ മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും നേതൃത്വത്തിൽ നടന്ന കൃത്യമായ ഏകോപനത്തെ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയും എൻഎച്ച്എഐ ഉദ്യോഗസ്‌ഥരും പലതവണ അഭിനന്ദിച്ചിട്ടുള്ളതാണെന്നും റിയാസ് വ്യക്‌തമാക്കി. ഇത്രയധികം പങ്കാളിത്തമുള്ള ഒരു പദ്ധതിയുടെ ഔദ്യോഗിക ചടങ്ങിൽ നിന്ന് വകുപ്പ് മന്ത്രിയെ ഒഴിവാക്കി ബിജെപി സംസ്‌ഥാന അധ്യക്ഷനെ പ്രതിഷ്‌ഠിക്കുന്നത് ശരിയായ നടപടിയല്ല.
ഒരു രാഷ്‌ട്രീയ പാർട്ടിയുടെ നേതാവിനെ മാത്രം ഉൾപ്പെടുത്തുന്നെങ്കിൽ മറ്റു പാർട്ടികളുടെ അധ്യക്ഷൻമാരെയും വിളിക്കേണ്ടതല്ലേ എന്നും റിയാസ് ചോദിച്ചു. എൽഡിഎഫ് സർക്കാരിന് പദ്ധതിയിലുള്ള റോൾ ഇല്ലാതാക്കാൻ ശ്രമിച്ചാലും കേരളത്തിലെ ജനങ്ങൾ വസ്‌തുതകൾ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉൽഘാടനവും തറക്കല്ലിടലുമാണ് പ്രധാനമന്ത്രി നിർവഹിക്കുന്നത്. 2650 കോടി രൂപ ചിലവിൽ നിർമിച്ച ദേശീയപാത 66ലെ ആറുവരിപ്പാതയും കോഴിക്കോട് ബൈപ്പാസിന്റെ വെങ്ങളം- രാമനാട്ടുകര ആറുവരിപ്പാതയും മോദി ഉൽഘാടനം ചെയ്യും. പ്രധാൻ മന്ത്രി ഗ്രാമ സഡക് യോജന പ്രകാരം നിർമിച്ച 23 റോഡുകളുടെ ഉൽഘാടനവും നിർവഹിക്കും.
ഔദ്യോഗിക അതിഥി പട്ടികയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എംബി രാജേഷ്, കെ. കൃഷ്‌ണൻകുട്ടി, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, എംഎൽഎ ഉമ തോമസ് എന്നിവർക്കൊപ്പം ബിജെപി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമാണ് ഉള്ളത്. വകുപ്പ് മന്ത്രിയായ മുഹമ്മദ് റിയാസിന്റെ പേരുണ്ടായിരുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണ് സർക്കാർ ചടങ്ങ് ബഹിഷ്‌കരിക്കുന്നത്.
Most Read| താറാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് സ്വർണം; അമ്പരന്ന് നാട്ടുകാർ








































