ടെൽ അവീവ്: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാനായി യുഎസും ഇറാനും ധാരണാപത്രത്തിൽ ഒപ്പുവെച്ചതിന് പിന്നാലെ പ്രതികരണവുമായി ഇസ്രയേൽ. ഇറാൻ-യുഎസ് കരാർ ധാരണയായെങ്കിലും ഇസ്രയേലിന്റെ പോരാട്ടം ഇപ്പോഴും തുടരുകയാണെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.
ഇസ്ലാമിക റിപ്പബ്ളിക്കായ ഇറാനെ ഒരു കാരണവശാലും ആണവായുധം കൈവരിക്കാൻ ഇസ്രയേൽ അനുവദിക്കില്ല. ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനിൽ നിന്നുള്ള അടിയന്തര ആണവഭീഷണി വിജയകരമായി ഇല്ലാതാക്കിയെന്നും ഇതിലൂടെ ഇസ്രയേൽ എന്ന രാജ്യത്തെ സമ്പൂർണ നാശത്തിൽ നിന്ന് രക്ഷിക്കാൻ സാധിച്ചെന്നും നെതന്യാഹു അവകാശപ്പെട്ടു.
ഇറാന്റെ ആണവ മോഹങ്ങളെ തടയുക എന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദൗത്യമാണെന്ന് ആവർത്തിച്ച നെതന്യാഹു, താൻ പ്രധാനമന്ത്രി ആയിരിക്കുന്നിടത്തോളം കാലം ഇന്നും നാളെയും ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കില്ലെന്നും കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാനായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്, വൈസ് പ്രസിഡണ്ട് ജെഡി. വാൻസ്, ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ബാലിബാഹ് എന്നിവർ ഡിജിറ്റലായി ധാരണാപത്രത്തിൽ ഒപ്പുവെച്ചതായാണ് റിപ്പോർട്ടുകൾ.
ഈമാസം 19ന് സ്വിറ്റ്സർലൻഡിലെ ജനീവയിൽ വെച്ച് ഔദ്യോഗികമായി കരാറിൽ ഒപ്പുവെക്കും. അതിനുശേഷമായിരിക്കും കരാർ നിലവിൽ വരിക. ജനീവയിൽ നടക്കുന്ന ഒപ്പിടൽ ചടങ്ങിൽ ജെഡി. വാൻസ് പങ്കെടുക്കുമെന്ന് ട്രംപ് അറിയിച്ചു.
ജനീവയിലെ ഒപ്പിടൽ ചടങ്ങിന് ശേഷം യുഎസുമായി കൂടുതൽ ചർച്ചകൾ ഉണ്ടാകുമെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും അറിയിച്ചു. കരാർ നടപ്പിലാക്കുന്നത് സംബന്ധിച്ച ചർച്ചകൾ ഇനിയും പൂർണമായിട്ടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കരാർ ഔദ്യോഗികമായി ഒപ്പുവെക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ




































