‘ആചാരം സംരക്ഷിക്കും’; ശബരിമല യുവതീ പ്രവേശനത്തിൽ നിലപാട് മാറ്റാൻ സർക്കാർ

യുവതീ പ്രവേശത്തെ അനുകൂലിച്ച് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയ സർക്കാരാണ് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് നിലപാട് തിരുത്താൻ തയ്യാറാകുന്നത്. തിരഞ്ഞെടുപ്പിൽ വിശ്വാസികളെ എതിരാക്കുന്ന ഒരു തീരുമാനവും വേണ്ടെന്നാണ് പാർട്ടിയുടെയും എൽഡിഎഫിന്റെയും നിലപാട്.

By Senior Reporter, Malabar News
Sabarimala
Ajwa Travels

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നിലപാടിൽ മലക്കം മറിഞ്ഞ് സംസ്‌ഥാന സർക്കാർ. ശബരിമലയിലെ ആചാര സംരക്ഷണത്തെ അനുകൂലിച്ച് സർക്കാർ നാളെ സുപ്രീം കോടതിയിൽ നിലപാട് അറിയിക്കും. ഇന്ന് ചേർന്ന സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിൽ ഇത് സംബന്ധിച്ച് ധാരണയായി. വൈകീട്ട് ചേരുന്ന മന്ത്രിസഭാ യോഗവും വിഷയം ചർച്ച ചെയ്യും.

നേരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡും വിഷയത്തിൽ നിലപാട് മാറ്റിയിരുന്നു. ആചാരാനുഷ്‌ഠാനങ്ങളും പാരമ്പര്യവും സംരക്ഷിക്കണമെന്ന നിലപാട് സുപ്രീം കോടതിയിൽ സ്വീകരിക്കാനാണ് ദേവസ്വം ബോർഡിന്റെയും തീരുമാനം. വിഷയത്തിൽ സർക്കാർ നേരത്തെ സ്വീകരിച്ചിരുന്ന നിലപാടുമായി ഇനി മുന്നോട്ടുപോകാനാവില്ല എന്ന തീരുമാനത്തിലാണ് പാർട്ടി എത്തിനിൽക്കുന്നത്.

യുവതീ പ്രവേശത്തെ അനുകൂലിച്ച് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയ സർക്കാരാണ് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് നിലപാട് തിരുത്താൻ തയ്യാറാകുന്നത്. തിരഞ്ഞെടുപ്പിൽ വിശ്വാസികളെ എതിരാക്കുന്ന ഒരു തീരുമാനവും വേണ്ടെന്നാണ് പാർട്ടിയുടെയും എൽഡിഎഫിന്റെയും നിലപാട്. വിഷയം വലിയതോതിൽ ആയുധമാക്കാൻ കോൺഗ്രസും ബിജെപിയും ശ്രമിക്കുമെന്ന ആശങ്കയും സർക്കാരിനുണ്ട്.

മാർച്ച് 15നകം ബന്ധപ്പെട്ട കക്ഷികളോടെല്ലാം വിഷയത്തിലുള്ള നിലപാട് അറിയിക്കണമെന്നാണ് സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്നത്. വിശദവാദം ഏപ്രിൽ ഏഴിന് തുടങ്ങും. ചീഫ് ജസ്‌റ്റിസ്‌ സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്. ശബരിമല യുവതീ പ്രവേശനം ഉൾപ്പടെ, മതങ്ങളും സ്‌ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിവിധ ഹരജികൾ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ നിർദ്ദേശം.

2019ലാണ് യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം അവസാനമായി സുപ്രീം കോടതി പരിഗണിച്ചത്. കോവിഡിനെ തുടർന്നുള്ള സാഹചര്യങ്ങളിൽ ഒമ്പതംഗ ബെഞ്ച് ഹരജികൾ പരിഗണിക്കുന്നത് അന്ന് മാറ്റിവെക്കുകയായിരുന്നു. ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിക്കണമെന്ന സുപ്രീം കോടതിയുടെ 2018ലെ വിധി പുനഃപരിശോധിക്കണമെന്നാണ് ഹരജികൾ.

Most Read| നിർബന്ധിത ആർത്തവാവധി; സ്‌ത്രീകളുടെ കരിയർ തന്നെ ഇല്ലാതാക്കും-സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE