കൊല്ലം: മന്ത്രി കെബി. ഗണേഷ് കുമാർ പ്രസിഡണ്ടായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു. കരയോഗം രജിസ്‌ട്രാർ ചുമതലപ്പെടുത്തിയ അഡ്‌ഹോക് കമ്മിറ്റി ചുമതലയേറ്റു. കരിക്കത്തിൽ തങ്കപ്പൻ പിള്ളയാണ് 14 അംഗ അഡ്‌ഹോക് കമ്മിറ്റിയുടെ അധ്യക്ഷൻ. ജനറൽ ബോഡിയിൽ ഗണേഷ് കുമാർ തുടരും.
19 അംഗങ്ങളുള്ള താലൂക്ക് യൂണിയനിൽ നിന്ന് 11 പേർ രജിസ്‌ട്രാർക്ക് രാജി നൽകിയിരുന്നു. തുടർന്നാണ് നടപടി. ഗണേഷ് കുമാറിന്റേത് ഏകാധിപത്യ പ്രവണതയാണെന്ന് ആരോപിച്ചാണ് അംഗങ്ങൾ രാജി നൽകിയത്. ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് അംഗം പ്രസിഡണ്ടായ താലൂക്ക് യൂണിയൻ പിരിച്ചുവിട്ടത് അപൂർവതയായി. ഗണേഷ് കുമാറിന്റെ അധ്യക്ഷതയിൽ ഇന്ന് ഭരണസമിതി യോഗം ചേരാനിരിക്കെ ആണ് പിരിച്ചുവിടൽ.
പത്തനാപുരം താലൂക്ക് യൂണിയന്റെ ആസ്‌ഥാനമായ പുനലൂരിൽ പത്‌മാ കഫേ നിർമിച്ചതിൽ അഴിമതി നടന്നെന്ന് ഭരണസമിതി അംഗങ്ങൾ ആരോപിച്ചിരുന്നു. ഈ വിഷയം ഉന്നയിച്ച സമിതി അംഗം പട്ടാഴി വടക്കേക്കര സ്വദേശി ആർ. വേണുകുമാറിനെ മർദ്ദിച്ചത് വലിയ വിവാദമായിരുന്നു. അഴിമതിയും മർദ്ദനവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണസമിതിയിലെ 11 പേർ നേതൃത്വത്തിന് പരാതി നൽകിയിരുന്നു.
പരാതിയിൽ നീക്കുപോക്ക് ഉണ്ടാവാത്ത സാഹചര്യത്തിലായിരുന്നു രാജിക്കത്ത് കൈമാറിയത്. ഇവർ രാജിവെച്ചതോടെ ഭൂരിപക്ഷം നഷ്‌ടമായ കമ്മിറ്റിയുടെ പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് ഗണേഷ് കുമാറിനെ ഒഴിവാക്കാനുള്ള നീക്കം സജീവമായി. ആറുമാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തുന്നതുവരെയാണ് അഡ്‌ഹോക്ക് കമ്മിറ്റിയുടെ ചുമതല.
Most Read| താറാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് സ്വർണം; അമ്പരന്ന് നാട്ടുകാർ





































