തിരുവനന്തപുരം: നിയമസഭാ സീറ്റ് ചർച്ചകളിൽ കടുത്ത പ്രതിഷേധം ഉയർത്തിയ മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ അനുനയ നീക്കത്തിന് വഴങ്ങാതെ നിലപാട് കടുപ്പിക്കുന്നു. ഹൈക്കമാൻഡ് ഡെൽഹിയിലേക്ക് വിളിപ്പിച്ചെങ്കിലും സുധാകരൻ പോയേക്കില്ലെന്നാണ് സൂചനകൾ.
സുധാകരനെ വെള്ളിയാഴ്‌ചയാണ് ഡെൽഹിയിലേക്ക് വിളിപ്പിച്ചത്. തിങ്കളാഴ്‌ച എത്തണമെന്നായിരുന്നു നിർദ്ദേശം. ഡെൽഹിക്ക് പോകാം എന്ന നിലപാടായിരുന്നു അദ്ദേഹം ആദ്യം സ്വീകരിച്ചരുന്നത്. എന്നാൽ, അനുനയ നീക്കം മാത്രമായിരിക്കും ഡെൽഹിയിൽ നടക്കുകയെന്നും മൽസരിക്കാൻ അനുമതി കിട്ടിയേക്കില്ലെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്‌ഥാനത്തിലാണ് അദ്ദേഹം യാത്ര വേണ്ടെന്നുവെച്ചത്.
അതേസമയം, മറ്റെന്തെങ്കിലും സമ്മർദ്ദം ഉണ്ടാകുന്നപക്ഷം അദ്ദേഹം ഡെൽഹിക്ക് പോയേക്കുമെന്നും സൂചനയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ നിന്ന് മൽസരിക്കുന്നതിൽ ഒരു വിട്ടുവീഴ്‌ചയ്‌ക്കും ഇല്ലെന്ന നിലപാടിലാണ് സുധാകരൻ. ഒരു അനുനയ നീക്കത്തിനും വഴങ്ങാത്ത സുധാകരൻ കോൺഗ്രസ് നേതൃത്വത്തിന് കനത്ത പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.
കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മൽസരിക്കാൻ താൽപര്യമുണ്ടെന്ന് സുധാകരൻ നേരത്തെ വ്യക്‌തമാക്കിയതാണ്. ഇക്കാര്യം പാർട്ടിയെയും അറിയിച്ചതാണ്. എന്നാൽ, എംപിമാർ മൽസരിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് കോൺഗ്രസ് നേതൃത്വം. അതിനിടെ, കണ്ണൂരുമായുള്ള ആത്‌മബന്ധം വ്യക്‌തമാക്കും വിധം കഴിഞ്ഞദിവസം സുധാകരൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വലിയ ചർച്ചയായിരുന്നു.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം







































