ആലപ്പുഴ: കഴിഞ്ഞ മൂന്ന് ദശാബ്‌ദത്തോളമായി സിനിമ പിആർഒ രംഗത്ത് പ്രവർത്തിക്കുന്ന പിആര്‍ സുമേരന്‍ സംവിധാനം ചെയ്യുന്ന ‘ഗോഡ്‍സ് ഓൺ ഐലന്റ്’ ഡോക്യുമെന്ററിയുടെ ചിത്രീകരണം പൂർത്തിയായി.
ആലപ്പുഴ ജില്ലയിലെ വേമ്പനാട്ട് കായലിൽ സ്‌ഥിതി ചെയ്യുന്ന മനോഹരമായ ദ്വീപ് ഗ്രാമമായ പെരുമ്പളത്തിന്റെ അതിജീവനത്തെ അടയാളപ്പെടുത്താനായി നിർമിക്കുന്നതാണ് ‘ഗോഡ്‍സ് ഓൺ ഐലന്റ്’ ഡോക്യുമെന്ററി.
ഭൂപ്രകൃതിയുടെ കിടപ്പുകൊണ്ട് എറണാകുളം, കോട്ടയം, ആലപ്പുഴ എന്നീ മൂന്നു ജില്ലകളുടെ പ്രാദേശിക ഹൃദയങ്ങളിലും സ്‌ഥാനമുള്ള ഈ ദ്വീപ് ഗ്രാമത്തിലേക്ക് നിർമിച്ച ആദ്യപാലം ഈ മാർച്ച് 7നാണ് മുഖ്യമന്ത്രി ഉൽഘാടനം നിർവഹിച്ചത്. കിഫ്ബി സഹായത്തോടെ 100 കോടി രൂപ ചിലവഴിച്ച് നിർമിച്ച ഈ പാലം, നാല് വശവും കായലിനാല്‍ ചുറ്റപ്പെട്ട പെരുമ്പളം ദ്വീപ് നിവാസികളുടെ തലമുറകളായുള്ള കാത്തിരിപ്പായിരുന്നു.
2026 വരെ കായൽ സൗന്ദര്യവും, ഗ്രാമീണ ഭംഗിയും, തെങ്ങിൻ തോപ്പുകളും കൊണ്ട് സമ്പന്നമായ കേരളത്തിലെ ഏറ്റവും വലിയ ദ്വീപ് പഞ്ചായത്തുകളിൽ ഒന്നായിരുന്ന ഇവിടേക്ക് പാലം ഉണ്ടായിരുന്നില്ല. പാലമില്ലാത്ത കാലത്തെ അതിജീവനവും പാലം വന്നതിന് ശേഷമുള്ള വിശേഷങ്ങളും ഉൾപ്പെടുത്തി ഒരുക്കുന്ന ‘ഗോഡ്‍സ് ഓൺ ഐലന്റ്’ ഡോക്യുമെന്ററി ഒരു ചരിത്ര രേഖപ്പെടുത്തലായാണ് ഒരുക്കുന്നത്.

പെരുമ്പളത്തും, സമീപ പ്രദേശത്തുമായി പൂർത്തിയായ ഡോക്യുമെന്ററി, വേമ്പനാട്ട് കായലിൽ ആലപ്പുഴ, എറണാകുളം ജില്ലകൾക്കും കോട്ടയം ജില്ലയുടെ ചിലഭാഗങ്ങളെയും തൊട്ടുരുമ്മി കിടക്കുന്ന ഗ്രാമീണ നാടിന്റെ സംസ്‌കാരം, ഭൂപ്രകൃതി, പരിസ്‌ഥിതി, ജനതയുടെ അതിജീവനം ഉൾപ്പടെയുള്ള ചരിത്രയാത്രയായാണ് ഒരുക്കുന്നതെന്ന് രചനയും സംവിധാനവും നിർവഹിച്ച പിആർ സുമേരൻ പറഞ്ഞു.
ശ്രിയ ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രദീപ് രാജ്, ഡോ. ശ്രീചിത്ര പ്രദീപ് എന്നിവർ സംയുക്‌തമായി നിര്‍മിക്കുന്ന ഡോക്യുമെന്ററിക്ക് ക്യാമറ കൈകാര്യം ചെയ്‌തത് നിത്യാനന്ദ ജഗൻ ആണ്. ക്രിയേറ്റീവ് ഹെഡ് – എംടി അപ്പൻ.
Most Read| ആലപ്പുഴയുടെ സ്വപ്‌ന പദ്ധതി; പെരുമ്പളം പാലം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി







































