തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി നടൻ സുധീർ കരമന മൽസരിക്കും. ജനാധിപത്യ കേരളാ കോൺഗ്രസ് മുൻ എംഎൽഎ ആന്റണി രാജുവിന് പകരക്കാരനായാണ് സുധീർ കരമന എത്തുന്നത്. സുധീർ കരമനയ്ക്ക് മികച്ച വിജയ സാധ്യത ഉണ്ടെന്നാണ് മുന്നണി വിലയിരുത്തൽ.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് വേണ്ടി സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്ന വ്യക്തിയാണ് സുധീർ കരമന. അദ്ദേഹത്തിന്റെ ജനപ്രീതിയും രാഷ്ട്രീയ പശ്ചാത്തലവും മണ്ഡലത്തിൽ ഇടതു മുന്നണിക്ക് ഗുണകരമാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനാധിപത്യ കേരളാ കോൺഗ്രസ് മൽസരിച്ച ഏക സീറ്റായിരുന്നു തിരുവനന്തപുരത്തേത്. ജയിച്ച ആന്റണി രാജു മന്ത്രിയാവുകയും ചെയ്തു. തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ടതോടെ ആന്റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമായതാണ് പ്രതിസന്ധിക്ക് വഴിവെച്ചത്. കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളുകയും ചെയ്തതോടെ അദ്ദേഹത്തിന് തിരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള അയോഗ്യത തുടർന്നു.
മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി ജില്ലാ പ്രസിഡണ്ട് കരമന ജയനെ പ്രഖ്യാപിച്ചു. നടൻ ജി. കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കാൻ ആലോചിച്ചിരുന്നുവെങ്കിലും കരമന ജയനെ തന്നെ മൽസരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
Most Read| ഇത് അത്ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ






































