ടെഹ്‌റാൻ: മിഡിൽ ഈസ്‌റ്റിലെ സംഘർഷം രൂക്ഷമായതോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇറാൻ വൻതുക ഈടാക്കുന്നതായി റിപ്പോർട്. ആഗോള ഇന്ധന വിതരണത്തിന്റെ നിർണായക കേന്ദ്രമായ ഈ പാതയിലൂടെ കടന്നുപോകാൻ ഓരോ കപ്പലിനും രണ്ട് മില്യൺ ഡോളർ (ഏകദേശം 18.76 കോടി രൂപ) ഇറാൻ ഈടാക്കുന്നതായാണ് റിപ്പോർട്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കടന്നുപോകുന്ന ചരക്ക് കപ്പലുകളിൽ നിന്ന് ട്രാൻസിറ്റ് ഫീസയാണ് ഈ തുക ഈടാക്കുന്നത്. ലണ്ടൻ ആസ്‌ഥാനമായുള്ള വാർത്താ ഏജൻസിയായ ഇറാൻ ഇന്റർനാഷണലാണ് ഇക്കാര്യം റിപ്പോർട് ചെയ്‌തിരിക്കുന്നത്. ഹോർമുസ് കടലിടുക്കിലുള്ള തങ്ങളുടെ നിയന്ത്രണം സാമ്പത്തിക നേട്ടമാക്കുകയാണ് ഇറാൻ.
കപ്പലുകളിൽ നിന്ന് പണം പിരിച്ചുതുടങ്ങിയതായി ഇറാൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ കമ്മിറ്റി അംഗം അലാവുദ്ദീൻ വ്യക്‌തമാക്കി. യുദ്ധത്തിന് വലിയ ചിലവുകൾ വരുന്നതിനാലാണ് കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കുന്നതെന്നും ബോറൂജെർഡി കൂട്ടിച്ചേർത്തു. തന്ത്രപ്രധാനമായ ജലപാതയിൽ ഇറാന്റെ ‘ശക്‌തിയും അധികാരവും’ പ്രകടിപ്പിക്കാനുള്ള മാർഗമായാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.
48 മണിക്കൂറിനകം ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുത നിലയങ്ങൾ തകർക്കുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇന്നലെ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ബോറൂജെർഡിയുടെ വാക്കുകൾ. ഹോർമുസ് ഇപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നാണ് ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാൻ വ്യക്‌തമാക്കിയത്. ഇറാൻ മണ്ണിനെ എതിർക്കുന്നവർക്ക് പ്രവേശനമില്ലെന്നും പെസെഷ്‌കിയാൻ എക്‌സിൽ കുറിച്ചു.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം









































