ടെഹ്റാൻ: ഇറാനും യുഎ സുമായി ചർച്ചകൾ നടക്കുകയാണെന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ അവകാശ വാദം തള്ളി ഇറാൻ വിദേശകാര്യ മന്ത്രാലയം. ട്രംപുമായി നേരിട്ടോ അല്ലാതെയോ യാതൊരു വിധത്തിലുള്ള ചർച്ചകൾ ഉണ്ടായിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി.
ഊർജ വില കുറയ്ക്കുന്നതിനും അദ്ദേഹത്തിന്റെ സൈനിക പദ്ധതികൾ നടപ്പിലാക്കാൻ സമയം ലഭിക്കാനും വേണ്ടിയാണ് ട്രംപ് ഇത്തരത്തിലൊരു പരാമർശം നടത്തിയതെന്നും ഇതുവരെ ഇരു രാജ്യങ്ങളും തമ്മിൽ യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ലെന്നും ഇറാൻ മാദ്ധ്യമങ്ങൾ പറഞ്ഞു.
ഇറാനെതിരായ സൈനിക ആക്രമണങ്ങളിൽ അഞ്ച് ദിവസത്തെ ഇടവേള പ്രഖ്യാപിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് സാമൂഹിക മാദ്ധ്യമമായ ട്രൂത്ത് പോസ്റ്റിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ വിശദീകരണവുമായി രംഗത്തെത്തിയത്.
”യുഎസും ഇറാനുമായി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഫലപ്രദമായ ചർച്ചകൾ നടത്തിയിട്ടുണ്ട്. ചർച്ചകളുടെ ഫലമായി ഇറാനിലെ ഊർജ സംരക്ഷണ പ്ളാന്റുകൾക്ക് നേരെയും മറ്റും നടത്തിയ എല്ലാ സൈനിക നടപടികളും അഞ്ച് ദിവസത്തേക്ക് നിർത്തിവയ്ക്കാൻ പ്രതിരോധ വകുപ്പിനോട് നിർദ്ദേശിച്ചു”- എന്നാണ് ട്രംപ് കുറിച്ചത്.
അതേസമയം, ഹോർമുസ് കടലിടുക്ക് വഴി ചില കപ്പലുകളിൽ നിന്ന് വൻതുക ടോൾ ഈടാക്കാൻ ഇറാൻ തീരുമാനിച്ചു. കപ്പലുകളിൽ നിന്ന് 2 മില്യൻ ഡോളർ (18.8 കോടി രൂപ) ഈടാക്കാനാണ് തീരുമാനം. ഇസ്രയേൽ-യുഎസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കപ്പൽ പാതയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇറാന്റെ തീരുമാനം.
Most Read| സകല ക്ഷേത്രങ്ങളും പൂജകളും ചരിത്രവും ഇനി ഒരൊറ്റ ക്ളിക്കിൽ







































