ന്യൂഡെൽഹി: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് കെ. സുധാകരൻ. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരൻ.
രാഹുൽ ഗാന്ധി ചില ഉറപ്പുകൾ നൽകിയിട്ടുണ്ട്. അവ പാലിക്കുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയുടെ പേര് നിർദ്ദേശിച്ചതിൽ ഉറച്ചു നിൽക്കുന്നു. പാർട്ടി ആവശ്യപ്പെട്ടത് കൊണ്ടാണ് കണ്ണൂരിൽ മൽസരിക്കാതെ മാറി നിന്നത്. രാഹുൽ ഗാന്ധിയെ കണ്ടതിൽ അതീവ സന്തോഷമുണ്ടെന്നും സുധാകരൻ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിലെ സീറ്റ് കിട്ടാത്തതിനെ തുടർന്ന് പാർട്ടിയുമായി ഇടഞ്ഞ സുധാകരൻ കുടുംബവുമായി ഇന്ന് ഡെൽഹിയിൽ എത്തിയാണ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും കണ്ടത്. എഐസിസി ജനറൽ സെക്രട്ടറി കെസി. വേണുഗോപാലും ഒപ്പമുണ്ടായിരുന്നു.
സന്ദർശനത്തിന്റെ ചിത്രങ്ങൾ രാഹുൽ ഗാന്ധി സാമൂഹിക മാദ്ധ്യമത്തിൽ പങ്കുവെച്ചിരുന്നു. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ജീവിതം മുഴുവൻ പോരാടിയ നേതാവാണ് കെ. സുധാകരനെന്നും യഥാർഥ കോൺഗ്രസ് പോരാളിയാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. യുഡിഎഫ് ഐക്യം ശക്തമാണെന്നും കേരളത്തിൽ 100 സീറ്റുകളോടെ വൻ വിജയത്തിലേക്ക് ഞങ്ങൾ നീങ്ങുകയാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
Most Read| ഇത് അത്ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ







































