തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി. സതീശന്റെ സംവാദ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘ഇനി സംവാദമായാലോ’ എന്ന തലക്കെട്ടോടെ എൽഡിഎഫ് സർക്കാരിന്റെ റിപ്പോർ കാർഡ് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.
പത്ത് വർഷത്തിനുള്ളിൽ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസനങ്ങളുടെ കണക്കുകൾ നിരത്തിയാണ് സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. പത്ത് വർഷത്തിൽ സർക്കാർ വികസനം നടപ്പാക്കിയ ഓരോ മേഖലയും തരംതിരിച്ചു അതിന് എ പ്ളസ് ഗ്രേഡും നൽകിയാണ് മുഖ്യമന്ത്രിയുടെ പോസ്‌റ്റ്.
സംവാദത്തിന് ഏറ്റവും നല്ല വേദി നിയമസഭ ആയിരുന്നുവെന്നും അവിടെ നിന്ന് ഒളിച്ചോടിയവരാണ് വെല്ലുവിളിക്കുന്നതെന്നും മുഖ്യമന്ത്രി പിന്നീട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സഭാ തലത്തിൽ പറഞ്ഞാൽ പറഞ്ഞതിന് മറുപടി കിട്ടും. ആ മറുപടി താങ്ങാൻ അവർക്ക് കഴിയില്ല. അതുകൊണ്ടാണ് ഒളിച്ചോടിയതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
ഇപ്പോൾ പ്രഹകരിക്കുന്നത് പോലുള്ള ഒരു നുണയും അവിടെ പറയാൻ കഴിയില്ല. പറഞ്ഞാൽ നേരെ ചൊവ്വേ മറുപടി കിട്ടുമെന്നുള്ളതാണ് കാര്യം. അതിൽ നിന്നുള്ള ഒളിച്ചോട്ടമാണ് കണ്ടത്. കേരളത്തിന്റെ വികസനത്തിൽ പങ്കുവഹിച്ചോ? ആരോഗ്യകരമായ സമീപനം സ്വീകരിച്ചിട്ടുണ്ടോ? നമ്മുടെ നാടിന് അർഹതപ്പെട്ടത് കേന്ദ്രം നിഷേധിക്കുമ്പോൾ അത് എതിർത്തോ? ആ കാര്യങ്ങളൊക്കെ പറയാൻ തയ്യാറാണെങ്കിൽ സംവാദത്തിന് താനും തയ്യാറാണെന്നാണ് മുഖ്യമന്ത്രി വ്യക്‌തമാക്കിയത്.
പിന്നാലെ, മുഖ്യമന്ത്രി പറയുന്ന സ്‌ഥലത്ത് പറഞ്ഞ സമയത്ത് എത്താമെന്ന് അറിയിച്ച് പ്രതിപക്ഷ നേതാവ് വിഡി. സതീശൻ ഫേസ്ബുക്കിൽ പോസ്‌റ്റിട്ടു. ”സംവാദത്തിന് തയ്യാർ എന്ന് മുഖ്യമന്ത്രി പറഞ്ഞ സ്‌ഥിതിക്ക് സ്‌ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാം. പറയുന്ന സ്‌ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും. ബാക്കി ജനം തീരുമാനിക്കട്ടെ”- സതീശൻ കുറിച്ചു.
Most Read| മണ്ണ് നീക്കുന്നതിനിടെ രണ്ടായിരം വർഷം പഴക്കമുള്ള ചെങ്കല്ലറ കണ്ടെത്തി






































