ന്യൂഡെൽഹി: അസംസ്‌കൃത എണ്ണയുമായി ഇറാനിൽ നിന്നുള്ള രണ്ട് കൂറ്റൻ കപ്പലുകൾ ഇന്ത്യൻ തുറമുഖത്തെത്തി. ഏഴ് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യൻ റിഫൈനറികൾ ഇറാനിൽ നിന്നുള്ള ഇറക്കുമതി പുനരാരംഭിച്ചത്.
ഇറാൻ പതാക ഘടിപ്പിച്ച ‘ഫെലിസിറ്റി’ സിക്ക തുറമുഖത്തും കുറുക്കാവോ പതാകയുള്ള ‘ജയ’ ഒഡീഷ തുറമുഖത്തുമാണ് എത്തിയത്. ഒരു കപ്പലിന് 20 ലക്ഷം ബാരൽ എണ്ണ വഹിക്കാനുള്ള ശേഷിയുണ്ട്. 2019ൽ അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് ഇറാനിൽ നിന്നുള്ള ഊർജ ഇറക്കുമതി ഇന്ത്യ നിർത്തിവെച്ചിരുന്നു. അമേരിക്ക ഉപരോധങ്ങളിൽ താൽക്കാലികമായി ഇളവ് നൽകിയതിനെ തുടർന്നാണ് വർഷങ്ങൾക്ക് ശേഷം ഇറാനിൽ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്‌തത്.
യുഎസിന്റെ താൽക്കാലിക ഇളവ് ഈമാസം 19ന് അവസാനിക്കും. റിലയൻസ് ഇൻഡസ്‌ട്രീസ് ലിമിറ്റഡിനും ഇറാൻ എണ്ണ വാങ്ങാൻ ഇന്ത്യ അനുമതി നൽകിയിട്ടുണ്ട്. ജയ, ഫെലിസിറ്റി ഉൾപ്പടെ ഇന്ത്യ എണ്ണ വാങ്ങാൻ ഉപയോഗിച്ച കപ്പലുകൾ യുഎസിന്റെ ഉപരോധ പട്ടികയിൽ ഉള്ളവയാണ്. 20 വർഷത്തിലധികം പഴക്കമുള്ള കപ്പലുകളാണ് ഇവയിൽ ഭൂരിഭാഗവും.
ദശാബ്‌ദങ്ങൾക്കിടയിലെ ഏറ്റവും വലിയ പാചകവാതക പ്രതിസന്ധിയാണ് രാജ്യം ഇപ്പോൾ നേരിടുന്നത്. ഗാർഹിക ആവശ്യങ്ങൾക്കുള്ള ഗ്യാസ് വിതരണത്തിൽ കുറവ് ഉണ്ടാകാതിരിക്കാൻ വ്യവസായ സ്‌ഥാപനങ്ങൾക്കുള്ള വിതരണത്തിൽ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ലോകത്തിലെ രണ്ടാമത്തെ വലിയ എൽപിജി ഇറക്കുമതിക്കാരായ ഇന്ത്യ, തങ്ങളുടെ ആവശ്യത്തിന്റെ 60 ശതമാനവും വിദേശ രാജ്യങ്ങളിൽ നിന്നാണ് കണ്ടെത്തുന്നത്.
ഹോർമുസ് കടലിടുക്കിൽ യുഎസ് ഉപരോധം തുടരുന്നു
ഹോർമുസ് കടലിടുക്കിൽ യുഎസിന്റെ ഉപരോധം തുടരുന്നു. യുഎസ്എസ് ട്രിപ്പോളി കപ്പൽ കടലിൽ നിലയുറപ്പിച്ചതായും നിരവധി F-35 യുദ്ധവിമാനങ്ങൾ കപ്പലിൽ സജ്‌ജമാക്കിയതായും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
ഹോർമുസ് കടലിടുക്കിൽ ഏതെങ്കിലും സൈനിക ഇടപെടൽ ഉണ്ടായാൽ അത് പ്രതിസന്ധി രൂക്ഷമാക്കുമെന്ന് ഇറാൻ പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇതിനിടെ, ഇസ്രയേൽ-ലബനൻ ചർച്ച ഇന്ന് അമേരിക്കയിൽ നടക്കും. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ചർച്ചയിൽ പങ്കെടുക്കും. ദക്ഷിണ ലബനനിൽ നിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്നാണ് ഇസ്രയേൽ നിലപാട്. എന്നാൽ, ചർച്ച പ്രഹസനമാണെന്നാണ് ഹിസ്ബുല്ലയുടെ വിമർശനം.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം









































