തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ടുപേർ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് റിപ്പോർട്. മരണത്തിന് കാരണം മറൈൻ ടോക്സിൻ ആകാമെന്നാണ് രാസ പരിശോധനാ റിപ്പോർട്. ഇരുവരുടെയും പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ഭക്ഷ്യവിഷബാധ കണ്ടെത്തിയിരുന്നില്ല.
കഴിഞ്ഞ ഫെബ്രുവരി 16നാണ് വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ട് കൊല്ലം സ്വദേശികൾ മരിച്ചത്. കൊല്ലം നിലമേൽ സ്വദേശികളായ റഷീദാ ബീവി, മരുമകൻ ഷാജി എന്നിവരാണ് മരിച്ചത്. ഹോട്ടലിൽ നിന്ന് മൽസ്യ വിഭവങ്ങൾ കഴിച്ച ഇവർക്ക് ഭക്ഷ്യവിഷബാധ ഏറ്റതാണെന്നായിരുന്നു പുറത്തുവന്ന വിവരം.
ഉച്ചയ്ക്ക് ശേഷം പ്രവർത്തിക്കുന്ന മൽസ്യ വിഭവങ്ങൾ വിൽക്കുന്ന ഹോട്ടലാണിത്. ആറുപേരടങ്ങുന്ന കുടുംബമാണ് ഹോട്ടലിൽ നിന്ന് രാത്രി ഭക്ഷണം കഴിച്ചത്. നാല് പേർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഹോട്ടലിൽ നിന്ന് ഇറങ്ങിയ ഉടൻ തന്നെ ഇവർക്ക് ഛർദിയും മറ്റു അസ്വസ്ഥതകളും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും റഷീദാ ബീവിയും ഷാജിയും മരണത്തിന് കീഴടങ്ങി.
എല്ലാവരും ഹോട്ടലിൽ നിന്ന് മീൻമുട്ട കഴിച്ചിരുന്നു. ഇതിൽ നിന്ന് മറൈൻ ടോക്സിൻ ആകാം രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ടിലെ നിഗമനം. ചില മീനുകളുടെ മുട്ടയിൽ അടങ്ങിയിരിക്കുന്ന ടെട്രോഡോക്സിൻ പാചകം ചെയ്താലും നശിക്കില്ലെന്നും ആരോഗ്യ പ്രശ്നങ്ങൾക്കും മരണത്തിനും വരെ കാരണമാകുമെന്നുമാണ് വിദഗ്ധർ പറയുന്നത്.
മൽസ്യങ്ങളിലും കക്ക വർഗത്തിൽപ്പെട്ട ജീവികളിലും സ്വാഭാവികമായി കാണപ്പെടുന്നതും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നതുമായ വിഷാംശങ്ങളാണ് മറൈൻ ടോക്സിൻ (കടൽ വിഷങ്ങൾ) എന്നറിയപ്പെടുന്നത്. ഇവ കടലിലെ സൂക്ഷ്മ ജീവികളിലും കാണപ്പെടും. ഇവയെ ഭക്ഷിക്കുന്ന മനുഷ്യരിൽ വിഷബാധയുണ്ടാകാം.
അതേസമയം, സംഭവത്തിന് പിന്നാലെ അടച്ചിട്ട ഹോട്ടലിന് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുന്ന കാര്യത്തിൽ ഭക്ഷ്യസുരക്ഷാ കമ്മീഷണർ ഇന്ന് തീരുമാനമെടുക്കും. ഹോട്ടൽ ഉടമകളെ കമ്മീഷണർ ഇന്ന് വിളിപ്പിച്ചിട്ടുണ്ട്.
Most Read| എന്തൊരു ചൂട്… അഞ്ചിടത്ത് ഓറഞ്ച് അലർട്, പാലക്കാട് 41 ഡിഗ്രിക്ക് മുകളിൽ





































