തിരുവനന്തപുരം: മുതിർന്ന ഐഎഎസ് ഉദ്യോഗസ്‌ഥൻ ബി. അശോകിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത് സർക്കാർ. അനുമതിയില്ലാതെ സർവീസ് ചട്ടങ്ങൾ ലംഘിച്ച് സാമൂഹിക മാദ്ധ്യമങ്ങളോട് പ്രതികരിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സൈനികക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ അശോകിനെ സസ്‌പെൻഡ് ചെയ്‌തത്.
ചീഫ് സെക്രട്ടറി ആണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പുമായി അടുത്തിടെ പല മാദ്ധ്യമങ്ങളിലും സർക്കാർ നയങ്ങളെ വിമർശിക്കുന്ന തരത്തിൽ ബി. അശോക് സംസാരിച്ചിരുന്നു. കൂടാതെ, കേരളശബ്‌ദം ലേഖനത്തിൽ സംസ്‌ഥാന സർക്കാരിനെതിരെ അദ്ദേഹം രൂക്ഷമായ വിമർശനമാണ് ഉയർത്തിയത്.
തുടർഭരണം വ്യക്‌തികളിലും കക്ഷികളിലും ഫാസിസ്‌റ്റ് മനോഭാവം ഉണ്ടാക്കുന്നുവെന്നും വോട്ടർമാർ ജാഗ്രത പാലിക്കണം എന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ആഭ്യന്തര വകുപ്പിനെയും അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു.
അതേസമയം, സസ്‌പെൻഷൻ നടപടി ചട്ടവിരുദ്ധമാണെന്ന് ബി. അശോക് പ്രതികരിച്ചു. സർക്കാറിനെതിരെ എന്ത് തരം പ്രസ്‌താവനയാണ് താൻ നടത്തിയതെന്ന് ഉത്തരവിൽ വ്യക്‌തമാക്കിയിട്ടില്ല. ഉത്തരവിന് നിയമപരമായി നിലനിൽപ്പുണ്ടെന്ന് കരുതുന്നില്ല. കാവൽ മന്ത്രിസഭയാണ് സംസ്‌ഥാനത്ത് ഉള്ളത്.
കുറച്ചു ദിവസങ്ങൾ കൂടി മാത്രം അധികാര പരിധിയുള്ള സർക്കാർ, രണ്ടുപേർ നൽകിയ സ്വകാര്യ പരാതി സ്വീകരിച്ച്, പ്രതികാര നടപടി എന്ന തരത്തിൽ ഒരു പരിശോധനയും നടത്താതെയാണ് മുതിർന്ന ഉദ്യോഗസ്‌ഥനെ സസ്‌പെൻഡ് ചെയ്‌തിരിക്കുന്നത്. ആ സാഹചര്യത്തിൽ നിയമപരമായ നടപടിയുമായി മുന്നോട്ടുപോകുമെന്നും അശോക് പറഞ്ഞു.
Most Read| നിതിൻ രാജിന്റെ മരണം; കേസ് അന്വേഷണം സംസ്‌ഥാന ക്രൈം ബ്രാഞ്ചിന്




































