
കൊച്ചി: ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ശേഷം പുതു ഹൃദയത്തിന്റെ സ്പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്. മലപ്പുറം ചങ്ങരംകുളം സ്വദേശികളായ മനോജിന്റെയും നിഷിതയുടെയും മകളായ ആമിയാണ് (അമാന മെഹനാസ്, 14) എറണാകുളം ലിസി ആശുപത്രിയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായത്.
പൂർണ ആരോഗ്യവതിയായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ ആമി ഇനി പഠിത്തത്തിലേക്ക് ശ്രദ്ധതിരിക്കും. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായത്. മസ്തിഷ്ക മരണം സംഭവിച്ച കിളിമാനൂർ സ്വദേശിയായ ജയി ജയകുമാറിന്റെ ഹൃദയമാണ് അമാനയ്ക്ക് പുതുജീവനേകിയത്.
അമാനയ്ക്ക് അഞ്ചുവർഷം മുമ്പാണ് ഹൃദയ സംബന്ധമായ തകരാർ കണ്ടെത്തിയത്. തുടർന്ന് നീണ്ട ചികിൽസകൾക്ക് ഒടുവിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയമാകുകയായിരുന്നു. അമാനയുടെ ആരോഗ്യനില പൂർണ തൃപ്തികരമാണെന്നും വൈകാതെ തന്നെ സാധാരണ നിലയിലേക്ക് ജീവിതം നയിക്കാനും പഠനം തുടരാനും സാധിക്കുമെന്നും ഡോ. ജോസ് ചാക്കോ പെരിയപ്പുറം അറിയിച്ചു.
മാനേജിങ് ഡയറക്ടർ ഫാ. പോൾ കരേടിന്റെ നേതൃത്വത്തിൽ മധുരം പങ്കിടാൻ അമാനയെ ആശുപത്രിയിൽ നിന്ന് യാത്രയാക്കിയത്. അമാനയുടെ ആഗ്രഹം പോലെ തന്നെ ഒരു കാർഡിയോളജിസ്റ്റ് ആയി തീരുവാൻ സാധിക്കട്ടെ എന്ന് ഫാ. പോൾ കരേടൻ ആശംസിച്ചു.
അവയവദാനത്തിന് തയ്യാറായ ജയിയുടെ കുടുംബത്തിന് അമാന നന്ദി പറഞ്ഞു. സൗജന്യമായി ഹെലികോപ്ടർ വിട്ടുനൽകിയ സംസ്ഥാന സർക്കാറിനും മന്ത്രി പി. രാജീവിനും പോലീസ് സേനക്കും ആംബുലൻസ് ഡ്രൈവർമാർക്കും അമാന പ്രത്യേക നന്ദി പറഞ്ഞു. ജോലി സംബന്ധമായി ദുബായിലാണ് അമാനയുടെ കുടുംബം. അമാന വൈകാതെ ദുബായിലേക്ക് പറക്കുമെന്നാണ് വിവരം.
Most Read| താറാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് സ്വർണം; അമ്പരന്ന് നാട്ടുകാർ






































